Quantcast

ഫുജൈറ-തിരുവനന്തപുരം സർവീസിന് തുടക്കമായി; സലാം എയർ ആഴ്ചയിൽ നാല് സർവീസ് നടത്തും

രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് കണക്ഷൻ ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-07-12 18:36:33.0

Published:

12 July 2023 6:02 PM GMT

ഫുജൈറ-തിരുവനന്തപുരം സർവീസിന് തുടക്കമായി; സലാം എയർ ആഴ്ചയിൽ നാല് സർവീസ് നടത്തും
X

യു എ ഇയിലെ ഫുജൈറ വിമാനത്താവളത്തിൽ നിന്ന് ഇനി മസ്കത്ത് വഴി തിരുവനന്തപുരത്തേക്ക് പറക്കാം. നീണ്ട ഇടവേളക്ക് ശേഷം ഫുജൈറ വിമാനത്താവളത്തിൽ നിന്ന് ഇന്നാണ് അന്താരാഷ്ട്ര പാസഞ്ചർ സർവീസിന് തുടക്കമായത്. ഇനി മുതൽ ആഴ്ചയിൽ രണ്ട് ദിവസം ഫുജൈറ-മസ്കത്ത് സെക്ടറിൽ സലാം എയർ വിമാനങ്ങൾ സർവീസ് നടത്തും. മസ്കത്തിൽ നിന്നെത്തിയ ആദ്യ സലാം എയർ വിമാനത്തിന് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപാണ് ലഭിച്ചത്.

രാവിലെ 8.55ന് ഫുജൈറയിൽ ഇറങ്ങിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. വിമാനകമ്പനി അധികൃതർ ഉൾപ്പെടെ മുപ്പതോളം യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷമാണ് ഫുജൈറയിൽ നിന്ന് ഇന്ത്യയിലേക്ക് കണക്ഷൻ ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ എയർലൈൻസ് ഫുജൈറയിൽ നിന്ന് സർവീസ് നടത്തിയിരുന്നു. എന്നാൽ 1999 ഓടെ അത് നിലച്ചു. പിന്നീട് ഭരണാധികാരികളുടെ വിമാനങ്ങളും ചരക്കുവിമാനങ്ങളും, പരിശീലന വിമാനങ്ങളുമാണ് ഫുജൈറയിലേക്ക് പറന്നിരുന്നത്. ഇടക്കാലത്ത് പാകിസ്ഥാനിലേക്കുള്ള ചില വിമാനങ്ങളും സർവീസ് നടത്തിയെങ്കിലും തുടരാനായില്ല. എന്നാൽ, സലാം എയർ ഇപ്പോൾ 18 നഗരങ്ങളിലേക്കാണ് ഫുജൈറയിൽ നിന്ന് സർവീസ് ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് ഇന്ത്യൻ നഗരങ്ങളും ഇതിൽ ഉൾപ്പെടും.

ഫുജൈറയിൽ നിന്ന് കൂടുതൽ വിമാനങ്ങൾക്ക് പുറമേ, കേരളത്തിലേക്കടക്കം കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സലാം എയർ സർവീസ് ആരംഭിക്കുമെന്ന് സി ഇ ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമ്മദ് പറഞ്ഞു. തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.40 നും രാത്രി 8.10 നും ഫുജൈറയിൽ നിന്ന് മസ്കത്തിലേക്ക് വിമാനം പുറപ്പെടും. ടാൻസിറ്റിന് ശേഷം രാത്രി 10.55 ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ പുലർച്ചെ 3.45 ന് തിരുവനന്തപുരത്ത് എത്താം. നിലവിൽ 450 ദിർഹമാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക്.

മസ്കത്തിൽ നിന്ന് ഫുജൈറയിലേക്ക് വരുന്ന വിമാനങ്ങൾ രാവിലെ എട്ടിനും, വൈകുന്നേരം ആറരക്കുമാണ് പുറപ്പെടുക. മുപ്പതോളം യാത്രക്കാരുമായി മസ്കത്തിൽ നിന്ന് എത്തിയ ആദ്യവിമാനം വിവിധ നഗരങ്ങളിലേക്കുള്ള നൂറോളം യാത്രക്കാരുമായാണ് തിരിച്ചുപറന്നത്. ഫുജൈറ വിമാനത്തിൽ നിന്ന് ആരംഭിക്കുന്ന അന്താരാഷ്ട്ര സർവീസ് യു എ ഇയിലെ വടക്കൻ എമിറേറ്റിലുള്ള പ്രവാസികൾക്ക് ഏറെ അനുഗ്രഹമാകും.

TAGS :

Next Story