മലയാളി ഡോക്ടർമാരുടെ ആഗോള സംഘടന; ഉദ്ഘാടനം നാളെ ശശി തരൂർ നിർവഹിക്കും
ദുബൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സാരഥികൾ ഇക്കാര്യം അറിയിച്ചത്
യു.എ.ഇ: രണ്ടു പതിറ്റാണ്ടു കാലമായി യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജിയുടെ പ്രവർത്തനം ആഗോളതലത്തിലേക്ക് വികസിപ്പിക്കുന്നു. മലയാളി ഡോക്ടർമാരുടെ ആഗോള സംഘടനയായ എ.കെ.എം.ജി ഗ്ലോബലിന്‍റെ ഉദ്ഘാടനം ഞായറാഴ്ച ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. ദുബൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സാരഥികൾ ഇക്കാര്യം അറിയിച്ചത്.
കാനഡ, യുകെ, അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി ഡോക്ടർമാരുടെ മികച്ച ഏകോപനമാണ് എ.കെ.എം.ജി ഗ്ലോബൽ പ്രധാനമായും ലക്ഷ്യമിടുന്നത്. വൈദ്യമേഖലയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങൾ പങ്കുവെക്കാനും അതിെൻറ പ്രയോജനം ഇന്ത്യക്ക് ലഭ്യമാക്കാനും നടപടി സ്വീകരിക്കുമെന്ന് എ.കെ.എം.ജി സാരഥികൾ അറിയിച്ചു.
സെമിനാറുകളും തുടർ വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കുക, സയൻസ് പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുക, മലയാളികൾക്ക് ആരോഗ്യ പരിപാലനം, രോഗപ്രതിരോധം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കുക, ഡോക്ടർമാരുടെ ഡയറക്ടറിക്ക് രൂപം നൽകുക, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക എന്നിവയും എ.കെ.എം.ജി ഗ്ലോബൽ ലക്ഷ്യങ്ങളിൽ ഉൾപ്പെടും.
ഐ.എം.എ ഉൾപ്പെടെയുള്ള ഇന്ത്യൻ കൂട്ടായ്മകളുമായി വൈദ്യമേഖലയിൽ ആശയവിനിമയം ശക്തമാക്കാനും നീക്കം നടത്തും. കേരളത്തിൽ ഡോക്ടർമാർ അക്രമിക്കപ്പെടുന്ന സാഹചര്യം നിർഭാഗ്യകരമാണെന്നും അവരുടെ സുരക്ഷക്ക് കൃത്യമായ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്നും എ.കെ.എം.ജി സാരഥികൾ അഭിപ്രായപ്പെട്ടു. യുഎ ഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായഎ കെ എം ജി എമിറേറ്റ്സ് ഇരുപതാംവാർഷികം നാളെ അജ്മാൻ ഹോട്ടലിൽ ഐഷറീൻ എന്ന പേരിലാണ് നടക്കുക. നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും
ഡോക്ടർമാരായ ജോർജ് ജോസഫ്, സഫറുല്ല ഖാൻ, നിർമല രഘുനാഥൻ, സണ്ണി കുര്യൻ, സിറാജുദ്ദീൻ, ഹനീഷ് ബാബു, സുകു മലയിൽ കോശി, ജമാലുദ്ദീൻ അബൂബക്കർ, ഗീതാ നായർ, നിഖിൽ ഹാറൂൺ, നരേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Adjust Story Font
16