Quantcast

യു.എ.ഇയിൽ സ്വർണവില ഒമ്പത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ജ്വല്ലറികളിൽ വന്‍ തിരക്ക്‌

ഈ വർഷം ആദ്യമായാണ് 22 കാരറ്റ് സ്വർണം ഗ്രാമിന് 200 ദിർഹത്തിൽ കുറവ് വില കാണിക്കുന്നത്.

MediaOne Logo

Nidhin

  • Published:

    11 July 2022 6:32 PM GMT

യു.എ.ഇയിൽ സ്വർണവില ഒമ്പത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ജ്വല്ലറികളിൽ വന്‍ തിരക്ക്‌
X

യു.എ.ഇയിൽ സ്വർണവില കഴിഞ്ഞ ഒമ്പത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. ഇതോടെ സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണം വർധിച്ചു. മിക്ക ജ്വല്ലറികളിലും സ്ഥാപനങ്ങളിലും മികച്ച വിൽപ്പനയാണ് നടക്കുന്നതെന്ന് വ്യാപാരികൾ അറിയിച്ചു.

ബലി പെരുന്നാളിനു പുറമെ കോവിഡാനന്തരം വിവാഹ ചടങ്ങുകളും മറ്റും സജീവമായതും സ്വർണവിപണിയിലെ തിരക്കിന് കാരണമാകുന്നുണ്ട്. വിൽപ്പന സാധാരണ മാസങ്ങളേക്കാൾ 30ശതമാനം വരെ വർധിച്ചതായാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ആഴ്ച ദുബൈയിൽ 22കാരറ്റ് സ്വർണത്തിന് ഗ്രാമിന് 198 ദിർഹമും 24 കാരറ്റിന് 211 ദിർഹവുമാണ് വില. ഈ വർഷം ആദ്യമായാണ് 22 കാരറ്റ് സ്വർണം ഗ്രാമിന് 200 ദിർഹത്തിൽ കുറവ് വില കാണിക്കുന്നത്.

വില കുറയുമ്പോൾ സാധാരണ സ്വർണ വിൽപ്പനയിൽ വർധനവുണ്ടാകാറുണ്ട്. ആഘോഷ സീസണുകളിലും വിൽപനയിൽ അപ്രതീക്ഷിതമായ മുന്നേറ്റം കാണിക്കാറുള്ളതാണ്. ഈ ആഴ്ചയിൽ വിലക്കുറവും പെരുന്നാൾ ആഘോഷവും ഒന്നിച്ചെത്തിയതാണ് തിരക്കിന് കാരണമായത്.

ഫെബ്രുവരിയിൽ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ച സഹകരണ കരാറിനെ തുടർന്ന് 5 ശതമാനം ഇറക്കുമതി തീരുവ ഒഴിവാക്കിയത് സ്വർണ വ്യപാര മേഖലക്ക് വലിയ ഉണർവ് പകർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കുറവും വിപണിയെ സജീവമാക്കിയിരിക്കുന്നത്. ഇന്ത്യക്കാർ ധാരാളമായി സ്വർണഭരണങ്ങൾ വാങ്ങാൻ യു.എ.ഇയെ തെരഞ്ഞെടുക്കുന്നുണ്ട്. വിസിറ്റ് വിസയിൽ വന്നു മടങ്ങുന്നവർ പോലും നാട്ടിലെ പ്രിയപ്പെട്ടവർക്ക് സമ്മാനമായും മറ്റും സ്വർണം കരുതാറുണ്ട്. വിലക്കുറവ് കൂടിയായതോടെ പ്രവാസികൾ കൂടുതലായി സ്വർണം വാങ്ങാനെത്തുന്നുണ്ട്. യു.എസ് ഡോളർ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ ശക്തമായതാണ് സ്വർണ വിലയെ തളർത്തിയതെന്നാണ് വിലയിരുത്തൽ. വിലക്കുറവ് കുറച്ചു ദിവസങ്ങൾ കൂടി തുടർന്നേക്കുമെന്നാണ് സൂചന.

TAGS :

Next Story