സ്വകാര്യ അധ്യാപകർക്ക് ആദരമായി ഗോൾഡൻ വിസ; പ്രഖ്യാപനം നടത്തി ദുബൈ
ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിന്റെ നിർദേശപ്രകാരമാണ് തീരുമാനം
ദുബൈ: ദുബൈയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു. ലോക അധ്യാപകദിനത്തിന്റെ ഭാഗമായി ദുബൈ കിരീടാവകാശിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അധ്യാപകർ യു.എ.ഇ സമൂഹത്തിന് നൽകിയ സംഭാവനകളെ മാനിച്ചാണ് സ്വകാര്യ വിദ്യാഭ്യാസരംഗത്തിന് മികവുറ്റ സംഭാവനയർപ്പിച്ചവരെ പത്തുവർഷത്തെ ഗോൾഡൻ വിസ നൽകി ആദരിക്കുന്നതെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ പറഞ്ഞു. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിന്റെ നിർദേശപ്രകാരമാണ് തീരുമാനം. നാളെ സമൂഹത്തിന് നേതൃത്വം നൽകേണ്ട യുവതലമുറക്ക് പ്രചോദനമാകുന്നത് അധ്യാപകരാണ്. ദുബൈയുടെ വികസനത്തിന് അവർ നൽകിയ പിന്തുണയാണ് മാനവിവഭശേഷയിൽ രാജ്യത്തിന് കരുത്താകുന്നതെന്നും ശൈഖ് ഹംദാൻ ചൂണ്ടിക്കാട്ടി. അധ്യാപകർക്ക് ഗോൾഡൻ വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ദുബൈയിലെ വിദ്യാഭ്യാസ അതോറിറ്റിയായ KHDA യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16