Quantcast

ദുരന്തബാധിതർക്ക് താൽകാലിക താമസമൊരുക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണം

മണിക്കൂറുകൾക്കകം 132 വീടുകൾ ഇതിനായി രജിസ്റ്റർ ചെയ്തു

MediaOne Logo

Web Desk

  • Published:

    5 Aug 2024 5:24 PM GMT

ദുരന്തബാധിതർക്ക് താൽകാലിക താമസമൊരുക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണം
X

ദുബൈ: വയനാട് ദുരന്തത്തിലെ ഇരകൾക്ക് പ്രവാസികളുടെ വീടുകളിൽ താമസം ഒരുക്കാൻ പ്രഖ്യാപിച്ച പദ്ധതിക്ക് മികച്ച പ്രതികരണം. മണിക്കൂറുകൾക്കകം 132 വീടുകൾ ഇതിനായി രജിസ്റ്റർ ചെയ്തു. ദുരന്തബാധിതർക്ക് ഗൾഫിൽ നിന്ന് സഹായപ്രവാഹം തുടരുകയാണ്. അനാഥരായ മുഴുവൻ കുട്ടികളെയും ദത്തെടുക്കാൻ തയാറായി അബൂദബി ആസ്ഥാനമായ അലഹ്യ മെഡിക്കൽ ഗ്രൂപ്പ് മുന്നോട്ടുവന്നു.

പ്രവാസികളുടെ അടഞ്ഞുകിടക്കുന്ന വീടുകളിൽ ദുരന്തബാധിതർക്ക് താൽകാലിക താമസമൊരുക്കാൻ ദുബൈയിലെ മലയാളികളാണ് കഴിഞ്ഞദിവസം സപ്പോർട്ട് വയനാട് ഡോട്ട്‌കോം എന്ന ഓൺലൈൻ സംവിധാനം പ്രഖ്യാപിച്ചത്. 48 മണിക്കൂറിനകം 132 വീടുകൾ ഇതിൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു. 132 കുടുംബങ്ങളിലെ 692 പേർക്ക് താൽകാലിക താമസം ഒരുക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സപ്പോർട്ട് വയനാട്.കോം പ്രവർത്തകർ പറഞ്ഞു. ഈ വിവരങ്ങൾ സംസ്ഥാന സർക്കാറിന് കൈമാറി.

ദുരന്തത്തിൽ അനാഥരായ മുഴുവൻ കുട്ടികളെയും നിയമപരമായി ദത്തെടുക്കാൻ തയാറാണെന്ന് അബൂദബി ആസ്ഥാനമായ അഹല്യ മെഡിക്കൽ ഗ്രൂപ്പ് അറിയിച്ചു. ഗ്രൂപ്പിന് കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന ചിൽഡ്രൻസ് വില്ലേജിലേക്കാണ് കുട്ടികളെ ദത്തെടുക്കുക. സംസ്ഥാന സർക്കാറിനെയും ജില്ലാ ഭരണകൂടത്തെയും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചുവെന്ന് അഹല്യഗ്രൂപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു. വയനാട് ദുരിതബാധിതർക്ക് വീട് നിർമിച്ച് നൽകുമെന്ന് ദുബൈയിലെ ആരോഗ്യസ്ഥാപനമായ മെഡ് സെവൻ ഗ്രൂപ്പ് അധികൃതർ പറഞ്ഞു.

റാസൽഖൈമയിലെ കേരളസമാജവും, കോൺഗ്രസ് അനുഭാവികളും ഓരോ വീട് വീതം നിർമിച്ചു നൽകും. അജ്മാൻ ആസ്ഥാനമായ മലയാളം റേഡിയോ ചാനൽ ഗോൾഡ് എഫ്.എമ്മിലെ മുഴുവൻ ജീവനക്കാരും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വയനാടിന് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ച അഞ്ചുകോടിയുടെ സഹായം ഇന്ന് ലുലുഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ നിഷാദ്, മേഖലാ ഡയറക്ടർ ജോയ് ഷഡാനന്ദൻ എന്നിവർ മുഖ്യമന്ത്രിക്ക് കൈമാറി.

TAGS :

Next Story