യു.എ.ഇ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിക്ക് മികച്ച പ്രതികരണം; ഭാഗമായത് 20 ലക്ഷത്തിലധികം പേർ
ജൂൺ മുപ്പതിനകം എല്ലാ ജീവനക്കാരും പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം.
ദുബൈ: യു.എ.ഇ തൊഴിൽമന്ത്രാലയം പ്രഖ്യാപിച്ച തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിക്ക് മികച്ച പ്രതികരണം. 20 ലക്ഷത്തിലകം പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ജൂൺ മുപ്പതിനകം എല്ലാ ജീവനക്കാരും പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം.
യോഗ്യരായ എല്ലാ ജീവനക്കാരും ജൂൺ 30ന് മുമ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ വകുപ്പ് മുന്നറിയിപ്പ് നൽകി. അല്ലാത്തപക്ഷം പിഴയടയ്ക്കേണ്ടി വരും. ജോലി നഷ്ടപ്പെടുന്ന സാധാരണ തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണിത്.
തൊഴിൽ രംഗത്ത് സ്ഥിരതയും സുഗമമായ തൊഴിൽ സാഹചര്യവും വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. സ്ഥാപനം അടച്ചുപൂട്ടുകയോ ശമ്പളത്തിൽ കുടിശിക വരുത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് മൂന്നു മാസം വരെ സാമ്പത്തിക പരിരക്ഷ ലഭിക്കും.
ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് നാട്ടിലേക്ക് പോകാനുള്ള ചെലവുകൾ, ജോലിക്കിടെ ഗുരുതരമായി പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്നവരെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ചെലവ് തുടങ്ങി വിവിധ ആനുകൂല്യങ്ങളും പദ്ധതിക്ക് ചുവടെ ലഭിക്കും. രജിസ്റ്റർ ചെയ്ത 96 ശതമാനം തൊഴിലാളികളും നിലവിൽ പരിരക്ഷക്ക് കീഴിൽ വരും.
16,000 ദിർഹം വരെ ശമ്പളമുള്ളവർക്ക് മാസം അഞ്ച് ദിർഹം അല്ലെങ്കിൽ വർഷം 60 ദിർഹം പ്രീമിയം അടച്ച് പദ്ധതിയിൽ അംഗമാകാം. 16,000 ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർ മാസം പത്ത് ദിർഹമോ വർഷം 120 ദിർഹമോ അടയ്ക്കണം.
Adjust Story Font
16