ദുബൈയിൽ ഗവൺമെന്റ് ജീവനക്കാർക്ക് വേനൽക്കാലത്ത് വെള്ളിയാഴ്ച കൂടി അവധി വരുന്നു
ഈമാസം 12 മുതൽ സെപ്റ്റംബർ 30 വരെ വെള്ളിയാഴ്ച കൂടി അവധി നടപ്പാക്കും
ദുബൈ: ദുബൈയിൽ ഗവൺമെന്റ് ജീവനക്കാർക്ക് വേനൽക്കാലത്ത് വെള്ളിയാഴ്ച കൂടി അവധി വരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഈമാസം 12 മുതൽ സെപ്തംബർ 30 വരെയാണ് ഇത് നടപ്പാക്കുന്നത്. ഈ കാലയളവിൽ ജോലിസമയം ഏഴ് മണിക്കൂറായി കുറക്കാനും തീരുമാനിച്ചു.
ദുബൈയിലെ ഗവൺമെന്റ് ജീവനക്കാരുടെ തൊഴിൽവകുപ്പാണ് 15 ഗവൺമെന്റ് സ്ഥാപനങ്ങളിൽ ഈ പരീക്ഷണം നടത്തുന്നത്. 'അവർ ഫ്‌ളക്‌സിബിൽ സമ്മർ' എന്ന പേരിലാണ് പദ്ധതി. നിലവിൽ ദുബൈ എമിറേറ്റിൽ ശനി, ഞായർ ദിവസങ്ങളിലാണ് വാരാന്ത്യ അവധി. വെള്ളിയാഴ്ച ഉച്ചവരെ ഗവൺമെന്റ് ജീവനക്കാർ ജോലി ചെയ്യണം. എന്നാൽ, ഷാർജയിൽ വെള്ളിയാഴ്ചയടക്കം മൂന്ന് ദിവസം ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് പൂർണ അവധിയുണ്ട്. വേനൽക്കാലത്ത് ജോലി സമയം ഏഴ് മണിക്കൂറായി കുറച്ചും, വെള്ളിയാഴ്ച പൂർണ അവധി നൽകിയും ജീവനക്കാരുടെ തൊഴിൽ-ജീവിത സന്തുലിത്വം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.
ഏതൊക്ക ഗവൺമെന്റ് സ്ഥാപനങ്ങളിലാണ് ആഗസ്റ്റ് 12 മുതൽ പുതിയ ആനൂകൂല്യം നടപ്പാക്കുകയെന്ന് ഗവൺമെന്റ് വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച അവധി നൽകാൻ കഴിയുന്ന വകുപ്പുകളെ കുറിച്ച് നേരത്തേ ഗവൺമെന്റ് സർവേ നടത്തിയിരുന്നു. ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകിയ ഷാർജയിൽ ഗവൺമെന്റ് ജീവനക്കാരുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ടു എന്ന് പഠനറിപ്പോർട്ടുകളുണ്ടായിരുന്നു.
Adjust Story Font
16