റമദാൻ: യുഎഇ നാലായിരത്തിലേറെ തടവുകാരെ മോചിപ്പിക്കുന്നു
ദുബൈയിൽ 1518 പേരെയും അബൂദബിയിൽ 1295 പേരെയും മോചിപ്പിക്കും

ദുബൈ: റമദാന് മുന്നോടിയായി യുഎഇ നാലായിരത്തിലേറെ തടവുകാരെ മോചിപ്പിക്കും. വിവിധ എമിറേറ്റുകളിലായി 4,343 തടവുകാർക്കാണ് മോചനം സാധ്യമാവുക. യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളുമാണ് ഇതുംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ശിക്ഷാകാലയളവിൽ മാനസാന്തരമുണ്ടായവരും നന്നായി പെരുമാറിയവരുമായ തടവുകാരെയാണ് മോചിപ്പിക്കുന്നത്.
അബൂദബിയിലെ ജയിലുകളിൽ നിന്ന് 1295 തടവുകാരെ മോചിപ്പിക്കാനാണ് യു.എ.ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്‌യാൻ ഉത്തരവിട്ടത്.
ദുബൈയിലെ ജയിലുകളിൽ നിന്ന് 1518 തടവുകാർക്ക് മോചനം നൽകാൻ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഉത്തരവ് നൽകി. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽഖാസിമി 707 തടവുകാർക്ക് മോചനം നൽകാനാണ് തീരുമാനിച്ചത്. അജ്മാനിലെ ജയിലുകളിൽ നിന്ന് 207 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി നിർദേശം നൽകി.
അതേസമയം റാസൽഖൈമ 506 തടവുകാരെ മോചിപ്പിക്കും. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ ആൽഖാസിമിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഫുജൈറയിലെ ജയിലുകളിൽ നിന്ന് 111 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി ഉത്തരവിട്ടു. തടവുകാർക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങാനും കുടുംബത്തോടൊപ്പം റമദാൻ ചെലവിടാനും ലക്ഷ്യമിട്ടാണ് നടപടി.
Adjust Story Font
16