ബജറ്റിനെ പിന്തുണച്ച് ഗള്‍ഫിലെ സമ്പന്ന വ്യവസായികൾ
അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ വിവിധ തുറകളിൽ കേന്ദ്രബജറ്റ് സ്വീകരിച്ച നടപടികൾ രാജ്യത്തിന്‍റെ വികസനം ത്വരിതഗതിയിലാക്കുമെന്നാണ് ഗൾഫ് വ്യവസായികളുടെ പ്രതീക്ഷ
കേന്ദ്രബജറ്റിനെ പിന്തുണച്ച് ഗൾഫിലെ സമ്പന്ന വ്യവസായികൾ. അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ വിവിധ തുറകളിൽ കേന്ദ്രബജറ്റ് സ്വീകരിച്ച നടപടികൾ രാജ്യത്തിന്‍റെ വികസനം ത്വരിതഗതിയിലാക്കുമെന്നാണ് ഗൾഫ് വ്യവസായികളുടെ പ്രതീക്ഷ. നിക്ഷേപം ഉൾപ്പെടെയുള്ള മേഖലകളിൽ ഗൾഫ് - ഇന്ത്യ ബന്ധം കൂടുതൽ ശക്തമാകാനും ബജറ്റ് വഴിയൊരുക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെക്കുന്നു.
ഡിജിറ്റൽ മാറ്റങ്ങൾക്ക് ഊന്നൽ നൽകുന്ന കരുത്തുറ്റ ബജറ്റാണിതെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസുഫലി പറഞ്ഞു. രാജ്യത്തിന്‍റെ പ്രധാന സ്തംഭങ്ങളായ കൃഷി, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ശക്തമായ ഊന്നൽ നൽകുന്ന ബജറ്റിൽ പ്രഖ്യാപിച്ച നാല് ലോജിസ്റ്റിക് പാർക്കുകൾ ഭക്ഷ്യ വിതരണ ശൃംഖലകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യപരിചരണ ദാതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ മേഖലയിലെ വളർച്ചക്കുതകുന്ന നിർദേശങ്ങൾ ബജറ്റിൽ ഉൾപെടുത്തിയത് മികച്ച നടപികളാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മേധാവി ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഡിജിറ്റല്‍വല്‍ക്കരണം, സുസ്ഥിരത, ഊര്‍ജ സംരക്ഷണം, അടിസ്ഥാനസൗകര്യ വികസനം എന്നിവക്ക് ബജറ്റ് ഊന്നൽ നൽകിയതിനെയും ഡോ. ആസാദ് മൂപ്പൻ പ്രകീർത്തിച്ചു.
ഡയമണ്ടിന്‍റെ കസ്റ്റംസ് തീരുവകുറച്ചത് മികച്ച നടപടിയാണെന്ന് ജോയ് ആലുക്കാസ് വ്യക്തമാക്കി. അടുത്ത നൂറ്വർഷത്തേക്കുള്ള ഇന്ത്യയുടെ ഭാവി പദ്ധതികൾക്ക് അടിത്തറ പാകാൻ ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന് മലബാർ ഗോൾഡ് ഇൻറർനാഷനൽ ഓപറേഷൻസ് മേധാവി ഷംലാൽ അഹ്മദ് പറഞ്ഞു. സ്വർണത്തിന്‍റെ ഇറക്കുമതി തിരുവകുറക്കുന്ന കാര്യവും ബജറ്റിൽ വേണ്ടതായിരുന്നുവെന്നും ഷംലാൽ ചൂണ്ടിക്കാട്ടി. ആരോഗ്യപരിപാലന മേഖലയ്ക്ക് സർക്കാർ നൽകുന്ന മുൻഗണന ബജറ്റിൽ പ്രതിഫലിച്ചതായി ഡോ. ഷംസീർ വയലിൽ പറഞ്ഞു.
Adjust Story Font
16