ദുബൈ ഹലാ ടാക്‌സി ബുക്കിങ് ഇനി വാട്‌സാപ്പ് മുഖേനയും
സേവനം 24 മണിക്കൂറും
ദുബൈ: യാത്രക്കാർക്ക് വാട്‌സാപ്പ് വഴി ക്യാബ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഹലാ ടാക്‌സി അധികൃതർ. 24 മണിക്കൂറും ലഭിക്കുന്ന സേവനം ഉപയോഗിച്ച് രാത്രിയിലും പകലും ഒരുപോലെ ടാക്‌സി കാറുകൾ ബുക്ക് ചെയ്യാം. ഇ-ഹെയ്‌ലിങ് ടാക്‌സി സംവിധാനം ആരംഭിച്ചതിന് പിന്നാലെയാണ് പുതിയ സൗകര്യം.
ചാറ്റ് ബോട്ട് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വാട്‌സാപ്പ് വഴി പുതിയ ബുക്കിങ് സൗകര്യം പ്രവർത്തിപ്പിക്കുന്നത്. മെസേജ് കൈമാറിയാൽ പിന്നാലെ ചാറ്റ്‌ബോട്ട് യാത്രക്കാരന്റെ ലൊക്കേഷൻ ആവശ്യപ്പെടും. തുടർന്ന് ക്യാപ്റ്റന്റെ ബുക്കിങ് സ്ഥിരീകരണ മെസേജിനൊപ്പം ലക്ഷ്യസ്ഥാനത്ത് എത്താനുള്ള സമയവും ലഭിക്കും. ഇതോടൊപ്പം ടാക്‌സി കാർ യാത്രക്കാരന്റെ അടുത്ത് എത്താനെടുക്കുന്ന സമയവും വാട്‌സാപ്പ് വഴി അറിയാനാകും. കൂടാതെ യാത്രക്കാർക്ക് തത്സമയ യാത്രാ ലിങ്ക് ലഭിക്കും. ഈ ലിങ്ക് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു നൽകി യാത്രയിലുടനീളം നിരീക്ഷണവും നടത്താം. ഡെബിറ്റ്/ക്രഡിറ്റ് കാർഡോ കാഷ് ഉപയോഗിച്ചോ പണമടക്കാം.
അതേസമയം, കരീം ആപ്പ് ഉപയോഗിച്ചുള്ള നിലവിലെ ബുക്കിങ് സൗകര്യവും തുടരുമെന്ന് ഹലാ സി.ഇ.ഒ ഖാലിദ് നുസൈബ് പറഞ്ഞു. ദുബൈ റോഡ് ഗതാഗത അതോറിറ്റിയും ഭക്ഷ്യ വിതരണ സേവന ദാതാക്കളായ കരീമും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഹലാ ടാക്‌സി. 12,000 ടാക്‌സി കാറുകളാണ് കമ്പനിക്കായി സർവിസ് നടത്തുന്നത്. 24,000 ഡ്രൈവർമാരും ഹലാ ടാക്‌സിക്കായുണ്ട്.
Adjust Story Font
16