യുറേനിയം സമ്പുഷ്ടീകരണം ഉയർന്ന തോതിൽ; ഇറാനെതിരെ ആണവോർജ സമിതി
ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ ആയിരിക്കെയാണ് ഇറാന് പുതിയ തിരിച്ചടി
അന്താരാഷ്ട്ര ആണവോർജ സമിതിയും ഇറാനും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമായി. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ ആണവായുധ നിർമാണ തോതിനോട് അടുത്തതായി ഐ.എ.ഇ.എ കുറ്റപ്പെടുത്തി. ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ ആയിരിക്കെയാണ് ഇറാന് പുതിയ തിരിച്ചടി.
യു.എൻ മേൽനോട്ടത്തിലുള്ള അന്താരാഷ്ട്ര ആണവോർജ സമിതിയുടെ ഏറ്റവും പുതിയ റിപ്പോർട്ടാണ് ഇറാനെ നിശിതമായി വിമർശിക്കുന്നത്. ആണവായുധ ലക്ഷ്യമില്ലെന്ന് ഇറാൻ ആവർത്തക്കുന്ന സമയത്തും യുറേനിയം സമ്പുഷ്ടീകരണ തോത്തെഹ്റാൻ ഗണ്യമായി ഉയർത്തിയതായി നിരീക്ഷണ സമിതി ആരോപിച്ചു. സമ്പുഷ്ടീകരണം അറുപത് ശതമാനത്തിലെത്തിയിട്ടുണ്ട്. സമ്പുഷ്ടീകരണ തോത് ഇനിയും ഉയർത്തിയാൽ ആണവായുധ നിർമാണം സാധ്യമാകുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. സമ്പുഷ്ടീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട പല നിർണായക വിവരങ്ങളും കൈമാറാൻ ഇറാൻ വിസമ്മതിക്കുന്നതായും സമിതി ചൂണ്ടിക്കാട്ടി. സമിതി റിപ്പോർട്ടിനു മേൽ യു.എൻ എന്തു നിലപാട് സ്വീകരിക്കും എന്നത് പ്രധാനമാണ്. 2015ലെ ആൺവ കരാർ പുന:സ്ഥാപിക്കാനുള്ള വൻശക്തി രാജ്യങ്ങളുടെ നീക്കത്തിനും റിപ്പോർട്ട് തിരിച്ചടിയാകും.
അതിനിടെ, ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിഛേദിക്കാൻ അൽബേനിയ തീരുമാനിച്ചു. കഴിഞ്ഞ ജൂലൈയിൽ അൽബേനിയക്കു നേരെ നടന്ന സൈബർ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് എല്ലാ നയതന്ത്ര പ്രതിനിധികളെയും പുറന്തള്ളാൻ അൽബേനിയർ പ്രധാനമന്ത്രി എഡി രമ ഉത്തരവിട്ടത്.
Adjust Story Font
16