Quantcast

കാൻസർ ബാധിതരായ കുരുന്നുകൾക്ക് ആശ്വാസമേകാൻ കൊച്ചിയിൽ ഹോപ്പ് ഹോംസ് പ്രവർത്തനം പുനരാരംഭിച്ചു

ദുബൈ കേന്ദ്രമായാണ് ഹോപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    20 March 2025 2:59 PM

കാൻസർ ബാധിതരായ കുരുന്നുകൾക്ക് ആശ്വാസമേകാൻ കൊച്ചിയിൽ ഹോപ്പ് ഹോംസ് പ്രവർത്തനം പുനരാരംഭിച്ചു
X

ദുബൈ: കാൻസർ ബാധിതരായ കുട്ടികൾക്ക് ആശ്വാസമായി കൂടുതൽ സൗകര്യങ്ങളോടെ കൊച്ചിയിലെ ഹോപ്പ് ഹോംസ് വീണ്ടും പ്രവർത്തനം ആരംഭിച്ചതായി ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ ജിസിസി ചെയർമാൻ ഷാഫി അൽ മുർഷിദി ദുബൈയിൽ അറിയിച്ചു. അർബുദ രോഗത്തിന്റെ ദുരിതങ്ങൾക്കിടയിലും കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും ഒരിടം ഒരുക്കി, സൗജന്യ സേവനം നൽകി വരുന്ന പ്രസ്ഥാനമാണ് ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ. ദുബൈ കേന്ദ്രമായാണ് ഹോപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കാൻസർ നൽകുന്ന മാനസികവും ശാരീരികവുമായ ആഘാതങ്ങളിൽ നിന്ന് കുട്ടികൾക്ക് ആശ്വാസം നൽകുന്നതിനായി ശിശുസൗഹൃദവും ശുചിത്വവുമുള്ള താമസസൗകര്യം, പോഷകാഹാരം, യാത്രാസൗകര്യം എന്നിവ ഇവിടെ സൗജന്യമായി ലഭ്യമാക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. വർധിച്ച കാൻസർ ബാധിതരായ കുട്ടികൾക്ക് കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ് നവീകരിച്ച ഹോപ്പ് ഹോംസ് ആരംഭിച്ചത്. കൊച്ചി ഇടപ്പള്ളി ചേരാനല്ലൂർ ജംഗ്ഷന് സമീപമുള്ള വിശാലമായ കെട്ടിടത്തിലാണ് ഹോപ്പ് ഹോംസ് പ്രവർത്തിക്കുന്നത്. കൊച്ചിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന നിരവധി കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാനാകുമെന്നും താമസസൗകര്യത്തിന് പുറമേ, കുട്ടികളുടെയും മാതാപിതാക്കളുടെയും മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന കൗൺസിലിംഗ്, വിനോദപരിപാടികൾ, ഹോം സ്‌കൂളിംഗ് എന്നിവയും ഹോപ്പ് നൽകുമെന്നും ഷാഫി അൽ മുർഷിദി കൂട്ടിച്ചേർത്തു. കൊച്ചിക്ക് പുറമേ കോഴിക്കോട്, മുക്കം, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലും ഹോപ്പ് ഹോംസുകൾ പ്രവർത്തിക്കുന്നുണ്ട്.

TAGS :

Next Story