യുഎഇയിലേക്ക് 10,000 ദിർഹത്തിന് മുകളിലെ ഇറക്കുമതി; മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ നിർബന്ധം
ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ നിബന്ധന നിലവിൽ വരിക
ദുബൈ: യു എ ഇയിലേക്ക് പതിനായിരം ദിർഹത്തിനോ, അതിന് മുകളിലോ മൂല്യമുള്ള ചരക്കുകൾ ഇറക്കുമതി ചെയ്യാൻ ഇനി മുതൽ വിദേശകാര്യമന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ നിർബന്ധമാകും. ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ നിബന്ധന നിലവിൽ വരിക. ഇൻവോയ്സുകൾ സാക്ഷ്യപ്പെടുത്താൻ ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പതിനായിരം ദിർഹത്തിനോ, അതിന് മുകളിലോ മൂല്യമുള്ള ഇറക്കുമതിക്ക് യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇൻവോയിസുകൾ സാക്ഷ്യപ്പെടുത്തേണ്ടത്. 150 ദിർഹമാണ് ഇംപോർട്ട് ഇൻവോയ്സ്, സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ തുടങ്ങിയ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ ഈടാക്കുക. ഇതിന് ചരക്കുകൾ കൈപറ്റാൻ ഡിക്ളറേഷൻ നൽകി 14 ദിവസം വരെ ഗ്രേസ് പിരീഡ് അനുവദിക്കും. ഇക്കാലയളവിലും സാക്ഷ്യപ്പെടുത്തൽ പൂർത്തിയാക്കിയില്ലെങ്കിൽ ഒരു ഇൻവോയിസിന് 500 ദിർഹം എന്ന നിരക്കിൽ പിഴ ഈടാക്കും.
പതിനായിരം ദിർഹത്തിന് താഴെയുള്ള ചരക്കുകൾ, വ്യക്തിഗത ഉപയോഗത്തിനുള്ള ഇറക്കുമതി, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി, ഫ്രീസോണിലേക്കുള്ള ചരക്കുകൾ എന്നിവക്ക് ഈ നിബന്ധന ബാധകമല്ല. മറ്റൊരു രാജ്യത്തേക്ക് ട്രാൻസിറ്റിന് എത്തുന്ന ചരക്കുകൾ, ബി ടു സി ഇ കോമേഴ്സ് ചരക്കുകൾ, പൊലീസ്, സൈന്യം, ജീവകാരുണ്യ സംഘടനകൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവക്ക് എത്തുന്ന ചരക്കുകൾ എന്നിവയെയും നിബന്ധനയിൽ നിന്ന് ഒഴിവാക്കും
Adjust Story Font
16