ദുബൈയിൽ ചെറുബസ് സർവീസ് മെച്ചപ്പെടുത്തുന്നു; ആർ ടി എ, അർകാബുമായി കരാർ ഒപ്പിട്ടു
സർവീസ് കൂടുതൽ മെച്ചപ്പെടുത്തതിന് പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോം പരീക്ഷിക്കാൻ ആർ ടി എ തീരുമാനിച്ചു
ദുബൈ നഗരത്തിൽ യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് സർവീസ് നടത്തുന്ന ചെറു ബസ് സർവീസ് ആണ് ബസ് ഓൺ ഡിമാൻഡ്. ഇത് കൂടുതൽ മെച്ചപ്പെടുത്തതിന് പുതിയ ഡിജിറ്റൽ പ്ലാറ്റ് ഫോം പരീക്ഷിക്കാൻ ആർ ടി എ തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ രണ്ട് മേഖലയിലാണ് പുതിയ സംവിധാനം പരീക്ഷിക്കുക.
ദുബൈ ഇന്റർനാഷണൽ സിറ്റി, ദുബൈ സിലിക്കൻ ഒയാസിസ് എന്നിവിടങ്ങളിൽ നിന്ന് ജബൽഅലി ഫ്രീസോണിലേക്കും, ഇന്റർനാഷണൽ സിറ്റിക്കും ജെ എൽ ടിയിലേക്കുമുള്ള സർവീസുകൾ മെച്ചപ്പെടുത്താനാണ് അർകാബ് കമ്പനിയും ആർ ടി എയും കരാർ ഒപ്പുവെച്ചത്. ആർ ടി എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി ഇ ഒ ഹാഷിം ബഹ്റൂസിയാൻ, അർകാബ് സി ഇ ഒ ബിലാൽ ഷബാൻദ്രി എന്നിവർ കരാറിൽ ഒപ്പുവെച്ചു.
മൂന്നുമാസം നീളുന്ന പരീക്ഷണം വിജയകരമാണെങ്കിൽ 12 മേഖലകളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും. ബസ് ഓൺ ഡിമാൻഡ് സർവീസ് കൂടുതൽ ആവശ്യക്കാരിലേക്ക് എത്തിക്കാനും കൂടുതൽ ഫലപ്രദമായ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനും ഇത്തരം ബസ് സർവീസിന്റെ ചെലവ് കുറക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ ഫ്യൂച്ചർ ആക്സലറേറ്റേഴ്സ് ചലഞ്ച് ജേതാക്കളായ കമ്പനിയാണ് അർകാബ്. വീട്ടിലേക്കും ജോലിസ്ഥലത്തേക്കും ദിവസവും യാത്രചെയ്യേണ്ടിവരുന്നവർക്കുള്ള സേവനം മെച്ചപ്പെടുത്തുന്ന അർകാബ് ട്രാവലർ എന്ന സംവിധാനവും താമസിയാതെ നിലവിൽ വരും.
Adjust Story Font
16