Quantcast

ഗൾഫ് ഉദ്യോഗാർഥികൾക്ക് നാട്ടിൽ പരിശീലനം; തേജസ് പദ്ധതിക്ക് ദുബൈയിൽ തുടക്കമായി

നിലവിൽ ഗൾഫിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു

MediaOne Logo

Web Desk

  • Published:

    28 Jan 2023 5:24 AM GMT

ഗൾഫ് ഉദ്യോഗാർഥികൾക്ക് നാട്ടിൽ പരിശീലനം;   തേജസ് പദ്ധതിക്ക് ദുബൈയിൽ തുടക്കമായി
X

ഗൾഫിലെ ജോലിക്കായി ഇന്ത്യൻ ഉദ്യോഗാർഥികൾക്ക് വിദഗ്ധ പരിശീലനം നൽകുന്ന തേജസ് പദ്ധതിക്ക് തുടക്കമായി. പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ഇന്റർനാഷണൽ(NSDC) ദുബൈയിലെ രണ്ട് സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു.

യു.എ.ഇയിലെ തൊഴിൽ മേഖലക്ക് അനുയോജ്യമായ വിധം ഉദ്യോഗാർഥികളെ പരിശീലിപ്പിക്കാൻ ട്രെയിനിങ് ഫോർ എമിറേറ്റ്‌സ് ജോബ്‌സ് ആൻഡ് സ്‌കിൽസ് (തേജസ്) എന്ന പദ്ധതി കഴിഞ്ഞവർഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ദുബൈ എക്‌സ്‌പോയിലാണ് പ്രഖ്യാപിച്ചത്.

ഇതിന്റെ തുടർച്ചയായാണ് ഇന്നലെ വി.എഫ്.എക്‌സ് ഗ്ലോബൽ, എഡെക്കോ മിഡിലീസ്റ്റ് എന്നീ സ്ഥാപനങ്ങളുമായി നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ഇന്റർനാഷണൽ ധാരണാപത്രം ഒപ്പുവെച്ചത്. മാനവവിഭശേഷി രംഗത്തെ കൂടുതൽ സ്ഥാപനങ്ങളുമായി NSDC ഇത്തരം ധാരണ രൂപപ്പെടുത്തും.

ഇന്ത്യയിൽ നിന്ന് ഗൾഫിൽ തൊഴിൽ തേടുന്നവർക്കായി നാട്ടിലായിരിക്കും കൂടുതൽ പരിശീലന പരിപാടികൾ. എന്നാൽ, ഗൾഫിൽ നിലവിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് കോൺസുൽ ജനറൽ ഡോ. അമൻ പുരി മീഡിയവണിനോട് പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ തൊഴിൽ സാധ്യതകൾ തിരിച്ചറിഞ്ഞ് ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുമെന്ന് അഡെക്കോ മിഡിലീസ്റ്റ് കൺട്രി ഹെഡ് മയങ്ക് പട്ടേൽ പറഞ്ഞു. ഇന്ത്യയിലെമ്പാടുമുള്ള നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ കേന്ദ്രങ്ങൾ വഴിയാകും ഉദ്യോഗാർഥികൾക്ക് ഗൾഫിലേക്കുള്ള പരിശീലന പരിപാടികൾ നടപ്പാക്കുക.

TAGS :

Next Story