ഇന്ത്യ, യു.എ.ഇ സെക്ടറിൽ നിരക്കേറും; പുതിയ സർവീസ് ആവശ്യം തള്ളി ഇന്ത്യ
ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്ന യു.എ.ഇ വിമാന കമ്പനികളുടെ പ്രതീക്ഷക്കും കേന്ദ്രതീരുമാനം തിരിച്ചടിയായി
യുഎഇ: എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറക്കുന്നതും പുതിയ സർവീസുകൾക്കുള്ള യു.എ.ഇ അഭ്യർഥന ഇന്ത്യ തള്ളിയതും വിമാന നിരക്ക് കൂടാൻ കാരണമാകും. വിശേഷ ദിവസങ്ങളും സീസണും മുൻനിർത്തി വരും മാസങ്ങളിൽ വലിയ കൊള്ളക്കാകും ഇത് അവസരം ഒരുക്കുക. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്ന യു.എ.ഇ വിമാന കമ്പനികളുടെ പ്രതീക്ഷക്കും കേന്ദ്രതീരുമാനം തിരിച്ചടിയായി.
കണ്ണൂർ ഉൾപ്പെടെ ഇന്ത്യ, യു.എ.ഇ സെക്ടറിൽ കൂടുതൽ വിമാന സർവീസിന് സന്നദ്ധത അറിയിച്ച് യു.എ.ഇയിലെ വിമാന കമ്പനികൾ നേരത്തെ തന്നെ അപേക്ഷ കൈമാറിയിരുന്നു. സമഗ്ര സാമ്പത്തിക കരാറും മറ്റും നിലവിൽ വന്ന സാഹചര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നായിരുന്നു കമ്പനികളുടെ പ്രതീക്ഷ. എന്നാൽ പുതിയ സർവീസുകൾക്ക് അനുമതി നൽകാനാവില്ലെന്ന് ഇന്ത്യ അറിയിച്ചു. ഇക്കാര്യം ആലോചനയിൽ ഇല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. നിലവിൽ ഇന്ത്യ, യുഎ.ഇ സെക്ടറിൽ ആഴ്ചയിൽ 65,000 സീറ്റാണ് നിലവിൽ.
അര ലക്ഷം സീറ്റുകൾ അധികരിപ്പിക്കണം എന്നായിരുന്നു യു.എ.ഇ വിമാന കമ്പനികളായ എയർ അറേബ്യ, ഫ്ലൈ ദുബൈ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകളുടെ ആവശ്യം. കണ്ണൂരിനു പുറമെ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പൂനെ, ഗോവ, അമൃത്സർ, ഭുവനേശ്വർ, ഗുവാഹത്തി എന്നിവിടങ്ങളിലേക്കും സർവീസ് നടത്താൻ യു.എ.ഇ വിമാന കമ്പനികൾ ഒരുക്കമാണ്. 35 ലക്ഷത്തോളം ഇന്ത്യക്കാർ യു.എ.ഇയിൽ ഉണ്ടെന്നാണ് കണക്ക്. നിലവിലെ സീറ്റുകൾ ഒട്ടും പര്യാപ്തമല്ലെന്നാണ് യു.എ.ഇ വിമാന കമ്പനികൾ ഇന്ത്യയെ അറിയിച്ചത്. ഇന്ത്യൻ വിമാന കമ്പനികളുടെ സമ്മർദമാണ് കേന്ദ്രനിലപാടിനു പിന്നിലെന്നും ആരോപണമുണ്ട്.
നിലവിലെ പല സർവീസുകളും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും വെട്ടിക്കുറക്കുന്ന സാഹചര്യമാണുള്ളത്. മാർച്ച് 26 മുതലാണ് യു.എ.ഇയിൽ നിന്നും തിരിച്ചുമുള്ള സർവീസുകളിൽ ചിലത് നിർത്തുന്നത്. ഇതോടെ ടിക്കറ്റിന് ആവശ്യകത വല്ലാതെ വർധിക്കും. ഇത് വൻതോതിൽ നിരക്കുവർധനയിലേക്ക് നയിക്കുമെന്ന ആശങ്കയാണുള്ളത്.
Adjust Story Font
16