ഇന്ത്യ, ജി.സി.സി സ്വതന്ത്ര വാണിജ്യ കരാർ വൈകില്ല; വാർഷിക വ്യാപാരം ഉയർത്താനും ധാരണ
യു.എ.ഇയുമായി രൂപപ്പെടുത്തിയ സമഗ്ര സാമ്പത്തിക കരാർ വിപുലപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്
ദുബൈ: ഇന്ത്യയും ജി.സി.സി രാജ്യങ്ങളും തമ്മിലെ സ്വതന്ത്ര വാണിജ്യ കരാർ ഉടൻ യാഥാർഥ്യമാക്കാൻ ഇരുകൂട്ടർക്കും ഇടയിൽ ധാരണ. വാർഷിക വ്യാപാരം 154 ബില്യൻ ഡോളറിനു മുകളിലേക്ക് ഉയർത്താനും തീരുമാനമായി. യു.എ.ഇയുമായി രൂപപ്പെടുത്തിയ സമഗ്ര സാമ്പത്തിക കരാർ വിപുലപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.
കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദിൽ ചേർന്ന പ്രഥമ ഇന്ത്യ, ജി.സി.സി ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗമാണ്ഇക്കാര്യങ്ങൾ ചർച്ച ചെയ്തതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് ചുമതലയുള്ള സെക്രട്ടറി ഡോ, ഔസാഫ് സഈദാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. രാഷ്ട്രീയകാര്യ അസി. സെക്രട്ടറിജനറൽ ഡോ. അബ്ദുൽ അസീസ് ബിൻ ഹമദ് അൽ ഉവൈസാക് ജി.സി.സി സംഘത്തിനും നേതൃത്വം നൽകി.
ഉഭയകക്ഷി വാണിജ്യ വികസനവുമായി ബന്ധപ്പെട്ട് കൂടിയാലോചനാ പ്രക്രിയ സംബന്ധിച്ച് ഇരുപക്ഷവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ റിയാദ് സന്ദർശനവേളയിൽ കൈക്കൊണ്ട തീരുമാനങ്ങൾ ത്വരിതഗതിയിലാക്കും. സ്വതന്ത്ര വ്യാപാര കരാർ അധികം വൈകാതെ യാഥാർഥ്യമാക്കാനാകുമെന്ന് ഇന്ത്യയും ജി.സി്.സി രാജ്യങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യയിലേക്കും ഗൾഫിലേക്കുമുള്ള വാണിജ്യവും നിക്ഷേപവും വർധിപ്പിക്കാൻ കരാർ വഴിയൊരുക്കുമെന്നാണ്പ്രതീക്ഷ. പാരമ്പര്യേതര ഊർജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിവര സാങ്കേതികത എന്നീ മേഖലകളിലെ പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ സംയുക്ത വർക്കിങ് ഗ്രൂപ്പുകൾക്ക് രൂപം നൽകും. കഴിഞ്ഞ സാമ്പത്തിക വർഷം 154 ബില്യൻ വ്യാപാരമെന്ന ലക്ഷ്യം നേടാൻ സാധിച്ചതിെൻറ സംതൃപ്തിയിലാണ് ഇന്ത്യയും ജി.സി.സി രാജ്യങ്ങളും. വരും വർഷങ്ങളിൽ വ്യാപാരവർധന ഉറപ്പാണെന്നും യോഗം വിലയിരുത്തി.
Adjust Story Font
16