ഇന്ത്യ-പാകിസ്താൻ മത്സരം; ദുബൈയിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം
ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ ഹെസ്സ സ്ട്രീറ്റിൽ വലിയ വാഹനത്തിരക്കനുഭവപ്പെടാം
ഏഷ്യാകപ്പ് ക്രക്കറ്റിൽ ആദ്യമത്സരത്തിലെ ഇന്ത്യയുടെ ഗംഭീര വിജയത്തിന് ശേഷം ദുബൈയിൽ ഇന്ന് നടക്കുന്ന ഇന്ത്യ-പാക്കിസ്താൻ രണ്ടാം മത്സരത്തെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് നഗരം. ഏഷ്യാ കപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നായതിനാൽ തന്നെ ആരാധകരുടെ തിരക്ക് നിയന്ത്രിക്കാനായി ദുബൈയിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെ ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷന് സമീപമുള്ള ഹെസ്സ സ്ട്രീറ്റിൽ വലിയ വാഹനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഈ ഭാഗത്തുകൂടി വാഹനമോടിക്കുന്നവർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മറ്റു ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നാണ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദുബൈ സ്പോർട്സ് സിറ്റിയിലാണ് മത്സരം നടക്കുന്നത്.
സ്‌റ്റേഡിയത്തിലെത്താൻ ഉമ്മു സുഖീം സ്ട്രീറ്റ് ഉപയോഗിക്കണമെന്നാണ് ആർ.ടി.എ നിർദ്ദേശിക്കുന്നത്. അതേസമയം ദുബൈ സ്പോർട്സ് സിറ്റിയിലെ താമസക്കാർക്ക് അൽ ഫേയ് റോഡ് ഒരു ബദൽ മാർഗ്ഗമായി ഉപയോഗിക്കാമെന്നും ആർ.ടി.എ അറിയിച്ചു.
Adjust Story Font
16