ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക കരാര്‍ മെയ് ഒന്ന് മുതല്‍ നിലവില്‍ വരും
ഇന്ത്യയും യു.എ.ഇയും ഒപ്പു വെച്ച സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാർ മെയ് ഒന്ന് മുതൽ നിലവിൽ വരും. യു.എ.ഇ വിദേശ വാണിജ്യകാര്യ സഹമന്ത്രി താനി അൽ സയൂദിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കും യു.എ.ഇക്കുമിടയിലെ ഇടപാടുകൾ എളുപ്പത്തിലാക്കുന്ന കരാർ കയറ്റിറക്കുമതി മേഖലയിൽ വൻ നേട്ടത്തിന് വഴിയൊരുക്കുമെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യ-യു.എ.ഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ തുറന്നിടുന്ന അവസരങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ തയാറാണോ എന്ന് ചോദിച്ചാണ് മന്ത്രി ഇക്കാര്യം ട്വീറ്റ് ചെയ്തത്. സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ വിദശാംശങ്ങൾ അടങ്ങുന്ന വെബ് പേജും മന്ത്രി പങ്കുവെച്ചു. ഇരുരാജ്യങ്ങളിലേക്കുമുള്ള അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം മെയ് ഒന്ന് മുതൽ ഒഴിവാകും. കേരളത്തിൽ നിന്നടക്കമുള്ള സംരംഭകർക്ക് ഇത് ഏറെ ഗുണകരമാകും. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കൾ മുതൽ ചികിത്സാ ഉപകരണങ്ങൾക്ക് വരെ യു.എ.ഇയിൽ അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കും. നിലവിൽ ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉൽപന്നങ്ങൾക്കും ഈ ഇളവ് ബാധകമാകും എന്നാണ് സൂചന. വരും വർഷങ്ങളിൽ എല്ലാ ഉൽപന്നങ്ങളെയും കസ്റ്റംസ് തിരുവയിൽ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് വർഷത്തിൽ 26 ശതകോടി ഡോളറിന്‍റെ വസ്തുക്കളാണ് കയറ്റി അയക്കുന്നത്. കേരളത്തിൽ നിർമിക്കുന്ന നിരവധി ഉൽപന്നങ്ങൾ യു.എ.ഇയിലെ സൂപ്പർ മാർക്കറ്റുകളിലും ചെറിയ സ്ഥാപനങ്ങളിലും വിൽപനക്കെത്തുന്നുണ്ട്. അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കുന്നതോടെ വാണിജ്യ ഇടപാടുകൾ വർധിക്കുകയും ലാഭം കൂടുകയും വില കുറയുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
Adjust Story Font
16