Quantcast

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാനമില്ലെന്ന് ഇത്തിഹാദ് എയർവേസ്

ജൂലൈ 21ഓടെ യാത്രാവിലക്ക് നീക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 July 2021 2:54 AM GMT

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാനമില്ലെന്ന് ഇത്തിഹാദ് എയർവേസ്
X

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നത് ഇനിയും നീണ്ടേക്കും. ജൂലൈ 31 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് അബൂദബി കേന്ദ്രമായ ഇത്തിഹാദ് എയർവേസ് അറിയിച്ചു. യാത്രക്കാരുടെ ചോദ്യങ്ങൾക്കുള്ള മറുപടി എന്ന നിലക്കാണ് ഇത്തിഹാദ് വിശദീകരണം. ജൂലൈ 21ഓടെ യാത്രാവിലക്ക് നീക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ഏപ്രിൽ 24 മുതലാണ്​ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക്​ യാത്രാവിലക്ക്​ നിലവിൽ വന്നത്​. തുടർന്ന്​ വിമാന സർവീസുകൾ നിലച്ചു. കഴിഞ്ഞ മാസം അവസാനത്തോടെ സര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വിലക്ക് തുടരുകയായിരുന്നു. പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും പുനരാരംഭിച്ചിട്ടില്ല.

വിലക്കു മൂലം നിരവധി പ്രവാസികളാണ് യുഎഇയിലേക്ക് തിരിച്ചു പോകാനാകാതെ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പ്രൈവറ്റ് ജെറ്റുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയിട്ടില്ല. ചിലര്‍ ഈ സാധ്യത ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ സാധാരണ പ്രവാസികള്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറമാണ് ജെറ്റുകളുടെ യാത്രാ ചെലവ്. മറ്റു രാഷ്ട്രങ്ങൾ വഴി യുഎഇയിലെത്തുന്നവരുമുണ്ട്. എന്നാൽ അതിലും പ്രായോഗിക തടസ്സങ്ങളുണ്ട്. യുഎഇ അംഗീകരിച്ച വാക്‌സിന്‍റെ രണ്ടു ഡോസും എടുത്തവർക്ക് മാത്രമാണ് ദുബൈയിലേക്ക് വരാനുള്ള അനുമതി ലഭിക്കുക.


TAGS :

Next Story