ഇന്ത്യയിൽനിന്ന് 15 വരെ വിമാന സർവീസുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻ
ഇത്തിഹാദ്, എയർ ഇന്ത്യ എന്നീ കമ്പനികൾ ജൂലൈ 21 വരെ വിമാനമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്
ഇന്ത്യയിൽനിന്ന് ഈ മാസം 15 വരെ വിമാന സർവീസുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു. ഇത്തിഹാദ്, എയർ ഇന്ത്യ എന്നീ കമ്പനികൾ ജൂലൈ 21 വരെ വിമാനമുണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ യുഎഇയിലേക്കുള്ള യാത്ര ഇനിയും നീളാനാണ് സാധ്യത.
യാത്ര നീളുമെന്നുറപ്പായതോടെ ഉസ്‌ബെകിസ്താൻ, അർമേനിയ, തുർക്കി എന്നീ ഇടത്താവളങ്ങളിലൂടെ യുഎഇയിൽ എത്താൻ തിരക്കേറിയിരിക്കുകയാണ്. ഏപ്രിൽ 24 മുതലാണ് ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് യുഎഇ അധികൃതർ വിലക്കേർപ്പെടുത്തിയത്.
ഇന്ത്യയിൽനിന്ന് ദുബൈയിലേക്ക് ജൂലൈ ഏഴുമുതൽ സർവീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചിരുന്നു. ട്വിറ്ററിൽ യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായാണ് എമിറ്റേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ യാത്രയുമായി ബന്ധപ്പെട്ട കൃത്യമായ മാനദണ്ഡങ്ങളും സർക്കാർ വകുപ്പുകളിൽനിന്നുള്ള അനുമതിയും ലഭിച്ചാലേ സ്ഥിരീകരിക്കാൻ കഴിയൂ എന്നും കമ്പനി അറിയിച്ചിരുന്നു. എമിറേറ്റിന്റെ വെബ്‌സൈറ്റിൽ ജൂലൈ ഏഴുമുതൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
ഇന്ത്യയിൽനിന്ന് അബൂദബിയിലേക്ക് ജൂലൈ 21 വരെ സർവീസുണ്ടാകില്ലെന്ന് അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസും 21വരെ യുഎഇയിലേക്ക് വിമാന സർവീസില്ലെന്ന് എയർ ഇന്ത്യയും വ്യക്തമാക്കിയിരുന്നു. യുഎഇ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് കമ്പനികൾ അറിയിച്ചിരിക്കുന്നത്.
Adjust Story Font
16