യുഎഇയില്‍ പ്രവാസികള്‍ എന്തൊക്കെ ശ്രദ്ധിക്കണം? മാർഗരേഖയുമായി ഇന്ത്യൻ കോൺസുലേറ്റ്
പ്രവാസി ഭാരതീയ സഹായതാ കേന്ദ്രമാണ് 17 ഇന നിർദേശങ്ങൾ പുറത്തിറക്കിയത്
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങൾ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പുറത്തിറക്കി. അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളാണ് ഇതിൽ പ്രത്യേകം പരാമർശിക്കുന്നത്. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രമാണ് 17 ഇന നിർദേശങ്ങൾ പുറത്തിറക്കിയത്.
സാധാരണ പ്രവാസികളെ സഹായിക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ ക്ഷേമ സംരംഭമാണ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം. പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ മുൻനിർത്തിയും യുഎഇയിലെ ജീവിതം മികച്ചതാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുമാണ് വിധിവിലക്കുകൾ തയാറാക്കിയിരിക്കുന്നതെന്ന് കോൺസുലേറ്റ് അറിയിച്ചു.
യുഎഇയിലെ തൊഴിൽനിയമത്തെ കുറിച്ചുള്ള അവബോധം എല്ലാവർക്കും ഉണ്ടായിരിക്കണമെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. അടിയന്തര സ്വഭാവത്തിലുള്ള ടെലഫോൺ നമ്പറുകൾ എല്ലാവരുടെ പക്കലും വേണം. തൊഴിലിടങ്ങളിലെ മാനസിക, ശാരീരിക പീഡനങ്ങൾ കൃത്യസമയത്ത് ബന്ധപ്പെട്ടവരെ അറിയിക്കണം. ജോലിയുമായി ബന്ധപ്പെട്ട പരാതികൾ തൊഴിൽ പെർമിറ്റ് കാൻസൽ ചെയ്യുന്നതിനുമുമ്പ് മന്ത്രാലയത്തെ അറിയിച്ചിരിക്കണം.
പണം സ്വീകരിക്കാനും അയക്കാനും നിയമപരമായ സംവിധാനങ്ങൾ മാത്രം ഉപയോഗിക്കണമെന്നും ജോലിയുടെ തുടക്കം മുതൽ പെൻഷൻ പദ്ധതിയിൽ ഭാഗമാകണമെന്നും മാർഗരേഖ നിർദേശിക്കുന്നു. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താനും പ്രവാസികൾ ശ്രദ്ധിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ മാന്യവും നിയമാനുസൃതവും ആയിരിക്കണം. മറ്റുള്ളവരുടെ വികാരത്തെ വൃണപ്പെടുത്തുന്ന രീതിയിൽ മതപരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുത്. നിയന്ത്രണമുള്ള സ്ഥലങ്ങളിൽ ഫോട്ടോ എടുക്കരുതെന്നും വ്യക്തികളുടെ ഫോട്ടോ അനുവാദമില്ലാതെ പോസ്റ്റ് ചെയ്യരുതെന്നും മാർഗരേഖയിലുണ്ട്.
Adjust Story Font
16