Quantcast

യുഎഇ പ്രസിഡണ്ടുമായി ഉഭയകക്ഷി സഹകരണം ചർച്ച ചെയ്ത് ഇന്ത്യൻ വിദേശകാര്യമന്ത്രി

നിലവിലുള്ള സമഗ്ര സാമ്പത്തിക കരാറിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തു

MediaOne Logo

Web Desk

  • Published:

    28 Jan 2025 5:40 PM

Indian Foreign Minister discusses bilateral cooperation with UAE President
X

അബൂദബി: യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദുമായി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്ത് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ലയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഇരുരാഷ്ട്രങ്ങളും തമ്മിൽ നിലവിലുള്ള സമഗ്ര സാമ്പത്തിക കരാറിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. കരാറിന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ വഴികൾ തുറക്കാനും ധാരണയായി. അബൂദബി അൽ ബഹ്ർ കൊട്ടാരത്തിൽ വച്ചായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. ചർച്ചയിൽ വൈസ് പ്രസിഡണ്ട് ശൈഖ് മൻസൂർ, കിരീടാവകാശി ശൈഖ് ഖാലിദ് തുടങ്ങിയവരും പങ്കെടുത്തു.

പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ലയുമായി ജയ്ശങ്കർ തന്ത്രപ്രധാന വിഷയങ്ങൾ ചർച്ച നടത്തി. സാമ്പത്തിക-വ്യാപാര-നിക്ഷേപ മേഖലകളായിരുന്നു ചർച്ചകളുടെ ഊന്നൽ. 2022-23 ലെ കണക്കു പ്രകാരം 8,365 കോടി യുഎസ് ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം.

ഇരുരാഷ്ട്രങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷൻ അബൂദബിയിൽ സംഘടിപ്പിച്ച പ്രഥമ റൈസിന മിഡിൽ ഈസ്റ്റ് ഉച്ചകോടിയിലും ജയ്ശങ്കർ പങ്കെടുത്തു. പശ്ചിമേഷ്യയുമായുള്ള ബന്ധത്തെ അങ്ങേയറ്റം പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരം കൊണ്ടു മാത്രമല്ല, ആശയങ്ങളും വിശ്വാസങ്ങളും കൊണ്ടുള്ള ബന്ധത്തിലൂടെയും ഇരുദേശങ്ങളും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുകയാണ്. പ്രതിവർഷം 16,000 - 18,000 കോടി യുഎസ് ഡോളറാണ് ഗൾഫ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം. 90 ലക്ഷത്തിലേറെ ഇന്ത്യക്കാർ ഇവിടെ താമസിക്കുന്നു. മെനയിലേക്കും മെഡിറ്ററേനിയനിലേക്കുമുള്ള കവാടം കൂടിയാണ് ഗൾഫ്. മെഡിറ്ററേനിയൻ രാജ്യങ്ങളുമായി പ്രതിവർഷം എണ്ണായിരം കോടി ഡോളറിന്റെ വ്യാപാരം നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 മെയിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയത്. നേരത്തെ ഊർജ മേഖലയിൽ മാത്രമുണ്ടായിരുന്ന വ്യാപാര ബന്ധമാണ് കരാറിലൂടെ മറ്റു മേഖലയിലേക്കും വ്യാപിച്ചത്. 2030 ഓടെ നൂറ് ബില്യൺ യുഎസ് ഡോളറിന്റെ എണ്ണയിതര വ്യാപാരമാണ് കരാർ ലക്ഷ്യം വയ്ക്കുന്നത്.

TAGS :

Next Story