സ്വദേശിവത്കരണം ശക്തം; വീഴ്ച വരുത്തുന്നവര്‍ക്ക് പിഴ, അടച്ചില്ലെങ്കിൽ കനത്ത നടപടി
സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും സർക്കാർ നേരത്തെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു
യു.എ.ഇ: സ്വദേശി ജീവനക്കാരെ നിയമിക്കുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾ നിശ്ചിത സമയത്ത് പിഴ അടച്ചില്ലെങ്കിൽ തൊഴിൽ പെർമിറ്റ് റദ്ദാക്കും. മാനവ വിഭവശേഷി മന്ത്രാലയമാണ് ഈ മുന്നറിയിപ്പ് നൽകിയത്. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ രണ്ട് ശതമാനം സ്വദേശികളെയാണ് നിയമിക്കേണ്ടത്.
അപാകത വരുത്തുന്ന സ്ഥാപനങ്ങൾ ഒരു ജീവനക്കാരന് മാസം 6000 ദിർഹം എന്ന കണക്കിലാണ് പ്രതി വർഷം ഫൈൻ അടക്കേണ്ടത്. കൃത്യ ദിവസം തുക അടച്ചില്ലെങ്കിൽ സ്ഥാപനത്തെ ഇ- ഫോളോ അപ്പ് എന്ന പട്ടികയിൽ ഉൾപെടുത്തും. സ്ഥാപനത്തിന്‍റെ തൊഴിൽ പെർമിറ്റ് പുതുക്കാതിരിക്കുകയും പുതിയ പെർമിറ്റ് അനുവദിക്കാതിരിക്കുകയും ചെയ്യുന്നതാണ് രണ്ടാം ഘട്ടം. തുടർന്ന് കാരണം വ്യക്തമാക്കാൻ നിർദേശവും നൽകും. നിശ്ചിത ദിവസം അവസാനിച്ചാൽ സ്ഥാപനത്തിന് നോട്ടിസ് അയക്കും. രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ലെങ്കിൽ ഉടമയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങൾക്കും പെർമിറ്റ് അനുവദിക്കുന്നതും പുതുക്കുന്നതും നിർത്തലാക്കും. തുടർച്ചയായ രണ്ടാം വർഷവും നിശ്ചിത എണ്ണം ഇമാറാത്തികളെ നിയമിക്കാത്ത സ്ഥാപനങ്ങളെ മൂന്നാം കാറ്റഗറിയിലേക്കും താഴ്ത്തുമെന്നും നിർദേശത്തിൽ പറയുന്നു.
സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും സർക്കാർ നേരത്തെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ ആനുകൂല്യം നൽകുന്നുണ്ട് എന്ന കാരണത്താൽ സ്വദേശികളുടെ ശമ്പളത്തിൽ കുറവ് വരുത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും. ഫ്രീ സോണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങിയിട്ടില്ല. 2026 അവസാനത്തോടെ സ്വദേശിവത്കരണം 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം.
Adjust Story Font
16