വ്യവസായ മേഖലയിലെ നിക്ഷേപം; കരാറുകളിൽ ഒപ്പുവെച്ച് യു.എ.ഇയും റഷ്യയും
ഇന്നോപ്രോം ഗ്ലോബൽ ഇൻഡസ്ട്രിയൽ എക്‌സിബിഷനിൽ വെച്ചാണ് കരാറുകൾ ഒപ്പിട്ടത്
ദുബൈ: വ്യവസായ മേഖലയിലെ നിക്ഷേപങ്ങൾക്കായി യു.എ.ഇയും റഷ്യയും നിരവധി കരാറുകളും പ്രാഥമിക ധാരണാപത്രങ്ങളും ഒപ്പുവെച്ചു. റഷ്യയിലെ യക്തരിങ്ബർഗിൽ നടക്കുന്ന ഇന്നോപ്രോം ഗ്ലോബൽ ഇൻഡസ്ട്രിയൽ എക്‌സിബിഷനിലാണ് കരാറുകൾ ഒപ്പിട്ടത്. ഇന്നോപ്രോം പ്രദർശനത്തിൽ പങ്കെടുക്കുന്ന ആദ്യ അറബ് രാജ്യമാണ് യു.എ.ഇ.
നാലു ദിവസത്തെ പരിപാടിയിൽ വ്യവസായ, അഡ്വാൻസ്ഡ് ടെക്‌നോളജി മന്ത്രിയും അഡ്‌നോക് ഗ്രൂപ് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവുമായ ഡോ. സുൽത്താൻ അൽ ജാബിർ പങ്കെടുക്കുന്നുണ്ട്. നിക്ഷേപം, വ്യവസായം, വാണിജ്യ അവസരങ്ങൾ, മെഡിസിൻ, ഗതാഗതം എന്നിങ്ങനെ വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പ്രദർശനം.
'മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്‌സ്' സംരംഭത്തിൻറെ ഭാഗമായി യു.എ.ഇ തദ്ദേശീയമായി നിർമ്മിച്ച രണ്ടായിരത്തിലധികം ഉൽപന്നങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു.വ്യാവസായിക മേഖലയിൽ ഇമാറാത്തി കമ്പനികൾ കൈവരിച്ച കൈവരിച്ച നേട്ടങ്ങളെ റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ സമ്മേളനത്തിൽ പ്രകീർത്തിച്ചു. യു.എ.ഇയുടെ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ റീട്ടെയ്ൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് വ്യവസായ മേഖലയാണ്. വരും മാസങ്ങൾക്കുള്ളിൽ യു.എ.ഇ, റഷ്യ വ്യാപാര കരാർ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ.
Adjust Story Font
16