സഹകരണം ശക്തമാക്കാനുറച്ച് ഇറാനും യു.എ.ഇയും; ഇറാൻ വിദേശകാര്യ മന്ത്രിയുമായി യു.എ.ഇ പ്രസിഡൻറ് ചർച്ച നടത്തി
സാമ്പത്തികം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഏകോപനം വിപുലപ്പെടുത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി
പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാൻ യു.എ.ഇയും ഇറാനും തമ്മിൽ ധാരണ. അബൂദബിയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറബ്ദുല്ലാഹിയാൻ, യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് മേഖലയുടെ സുരക്ഷ ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചർച്ചയായി.
അബൂദബി അൽ ശാത്തി കൊട്ടാരത്തിൽ ആയിരുന്നു ശൈഖ് മുഹമ്മദ് ബിൻ സായിദും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിലെ കൂടിക്കാഴ്ച. സാമ്പത്തികം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഏകോപനം വിപുലപ്പെടുത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഗൾഫ് മേഖലയുടെ സുരക്ഷക്കും കെട്ടുറപ്പിനും പരോഗതിക്കും ഗുണകരമാകുമാറുള്ള അനുകൂല കാര്യങ്ങൾ ചർച്ചയിൽ രൂപപ്പെട്ടതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാൻ പ്രസിഡൻറ് ഇബ്രാഹിം അൽ റഈസിയുടെ ഭാവുകങ്ങൾ യു.എ.ഇ നേതാക്കൾക്ക് ഹുസൈൻ അമിറബ്ദുല്ലാഹിയാൻ കൈമാറി. ഇറാൻ നേതാക്കൾക്ക് യു.എ.ഇ പ്രസിഡൻറും ആശംസ കൈമാറി. ശൈഖ് മൻസൂർ ബിൻ സായിദ്, ശൈഖ് അബ്ദുല്ല ബിൻ സായിദ്, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്, അലി അൽ ശംഷി, ഖലീഫ അൽ മറാർ, സൈഫ് അൽ ശഅബി എന്നിവരും ചർച്ചയിൽ സംബന്ധിച്ചു. യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ പര്യടന ഭാഗമായാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായി ഭിന്നതകൾ മറന്ന് സഹകരിക്കുമെന്ന് ഇറാൻ നേതൃത്വം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16