ഇറാൻ, ആണവോർജ സമിതി ചർച്ച: സാങ്കേതിക സംഘം തെഹ്റാനിലേക്ക്
കൂടിക്കാഴ്ചയിൽ പ്രതീക്ഷയെന്ന് സമിതി മേധാവി
തന്റെ ഇറാൻ സന്ദർശനം ഏറെക്കുറെ വിജയകരമെന്ന് അന്താരാഷട്ര ആണവോർജ സമിതി മേധാവി റഫാൽ ഗ്രോസി. ചർച്ചയുടെ അന്തിമഫലം എന്തായിരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആണവ നിലയങ്ങളിൽ പരിശോധനാ നടപടികൾ പുനരാരംഭിക്കാൻ ഇറാൻ കഴിഞ്ഞ ദിവസം സന്നദ്ധത അറിയിച്ചിരുന്നു
തെഹ്റാൻ സന്ദർശനവേളയിൽ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഏറെക്കുറെ ധാരണ രൂപപ്പെട്ടതായി റഫാൽ ഗ്രോസി വെളിപ്പെടുത്തി. എന്നാൽ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. നിലയങ്ങളിൽ പരിശോധന തുടരുന്നതുമായി ബന്ധപ്പെട്ട് സമിതി നിർദേശിച്ച കാര്യങ്ങളോട് അനുഭാവപൂർണമായാണ് ഇറാൻ പ്രതികരിച്ചത്.
നിലയങ്ങളിലെ കാമറകൾ പ്രവർത്തനക്ഷമമാക്കാമെന്നും തെഹ്റാൻ സമ്മതിച്ചിട്ടുണ്ട്. സാങ്കേതിക സംഘം ഉടൻ തന്നെ ഇറാനിലേക്ക് പുറപ്പെടും. എന്നാൽ ഏതൊക്കെ കേന്ദ്രങ്ങളിൽ എപ്പോൾ സന്ദർശനം നടത്തുമെന്ന കാര്യം ഇപ്പോൾ വെളിപ്പെടുത്താനാകില്ല. ചില കാര്യങ്ങളിൽ മൂർത്തമായ ചില ഉത്തരങ്ങൾ നൽകേണ്ടി വരുമെന്ന ബോധ്യം ഇറാനുണ്ട്. ഇറാൻ പ്രസിഡൻറും വിദേശകാര്യ മന്ത്രിയുമായി നടന്ന വിദശമായ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നും ഗ്രോസി കൂട്ടിച്ചേർത്തു.
അതേ സമയം ഇറാന് പ്രതിരോധം തീർക്കാനുള്ള നീക്കമാണ് അന്താരാഷ്ട്ര ആണവോർജ സമിതി നടത്തുന്നതെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി
Adjust Story Font
16