ഇറാൻ-യുഎഇ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കും; അംബാസഡർ ഉടൻ ചുമതലയേൽക്കുമെന്ന് യുഎഇ
ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അംബാസഡറെ തെഹ്റാനിലേക്ക് അയക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ദുബൈ: യുഎഇയും ഇറാനുമായുള്ള നയതന്ത്ര ബന്ധം പൂർണ്ണാർത്ഥത്തിൽ പുനഃസ്ഥാപിക്കാൻ വഴിയൊരുങ്ങി. ദിവസങ്ങൾക്കകം അംബാസഡർ തെഹ്റാനിൽ ചുമതലയേൽക്കുമെന്ന് യുഎഇ അറിയിച്ചു. സൗദി അറേബ്യയുമായുള്ള നയതന്ത്ര സംഭാഷണം ഉടൻ നടക്കുമെന്നും ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അംബാസഡറെ തെഹ്റാനിലേക്ക് അയക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പിന്നിട്ട കുറെ വർഷങ്ങളായി വഷളായിരുന്നു. കഴിഞ്ഞ മാസം ഇറാൻ വിദേശകാര്യ മന്ത്രി ഹുറസൻ ആമിർ അബ്ദുല്ലാഹിയാനും യുഎഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും തമ്മിൽ ടെലിഫോണിൽ ചർച്ച നടന്നിരുന്നു. ഇതേ തുടർന്നാണ് പുതിയ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2012ൽ അന്നത്തെ ഇറാൻ പ്രസിഡൻറ് അഹ്മദി നിജാദ് ഇറാൻ അധീനതയിലുള്ള യുഎഇക്ക് അവകാശപ്പെട്ട അബൂമൂസ ദ്വീപിൽ സന്ദർശനം നടത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തകരുന്ന അവസ്ഥ രൂപപ്പെടുത്തിയത്. സന്ദർശനത്തിൽ പ്രതിഷേധിച്ച് യുഎഇ ഇറാനിൽനിന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിക്കുകയായിരുന്നു. യുഎഇയിൽ നിന്ന് 60 കിലോമീറ്റർ അകലെ ഹോർമുസ് കടലിടുക്കിനോട് ചേർന്ന അബൂമൂസ ഉൾപ്പെടെ മൂന്ന് ദ്വീപുകൾ 1971ൽ ആണ് ഇറാൻ കൈയടക്കിയത്. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിന് വഴിയൊരുക്കി. 2015ൽ ഇറാൻ അനുകൂല ഹൂത്തി വിഭാഗം യെമനിൽ അധികാരം പിടിച്ചത് സൗദിക്കൊപ്പം യുഎഇയുടെയും കടുത്ത പ്രതിഷേധത്തിനിടയാക്കി. സൗദി,ഇറാൻ നയതന്ത്ര സംഭാഷണവും ഉടൻ നടക്കും.
ആണവ കരാർ പുനഃസ്ഥാപിക്കാൻ അവസരം ഒരുങ്ങുകയും മേഖലയിലെ രാജ്യങ്ങളുമായുള്ള അകൽച്ച മാറുകയും ചെയ്താൽ ലഭിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര നേട്ടങ്ങൾ വലുതായിരിക്കുമെന്നാണ് ഇറാന്റെ കണക്കു കൂട്ടൽ.
Adjust Story Font
16