വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുമെന്ന് ഇസ്രായേൽ; കൊടുംക്രൂരതകൾക്ക് മറയിടാനുള്ള തന്ത്രം മാത്രമെന്ന് ഹമാസ്
ഇന്നലെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 82 പേർ കൂടി കൊല്ലപ്പെട്ടു
ദുബൈ: വെടിനിർത്തൽ കരാർ ചർച്ച പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫിസ്. മൊസാദ്, സി.ഐ.എ മേധാവികൾ ചർച്ച നടത്തിയിട്ടുണ്ട്.
ഭിന്നത കുറച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വീണ്ടും വെടിനിർത്തൽ കരാർ ചർച്ചയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിെൻറ ഓഫിസ് അറിയിച്ചു. മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തുമായി ആശയവിനിമയം തുടരുകയാണ്.
റമദാനിൽ ഗസ്സയിലെ ഫലസ്തീനികളുടെ ചെലവിൽ സ്ഥിതിഗതികൾ സങ്കീർണമാക്കാനാണ് ഹമാസ് നീക്കമെന്നും നെതന്യാഹുവിന്റെ ഓഫിസ് കുറ്റപ്പെടുത്തി. വെടിനിർത്തൽ ആവശ്യമില്ലെന്ന നിലപാടാണ് ഹമാസിന്റേതെന്നും ഇസ്രായേൽ ആരോപിച്ചു.
എന്നാൽ, കൊടുംക്രൂരതകൾക്ക് മറയിടാനുള്ള തന്ത്രം മാത്രമായാണ് വെടിനിർത്തൽ ചർച്ചയെ ഇസ്രായേൽ നോക്കി കാണുന്നതെന്നും സമ്പൂർണ വെടിനിർത്തലാണ് അനിവാര്യമെന്നും ഹമാസ് പ്രതികരിച്ചു. ഇസ്രായേൽ തുടരുന്ന വംശഹത്യയെ പ്രതിരോധിക്കാൻ അന്തർദേശീയ തലത്തിൽ മികച്ച നയതന്ത്ര, രാഷ്ട്രീയ, നിയമ മാർഗങ്ങൾ സ്വീകരിക്കാൻ അറബ് മുസ്ലിം ലോകം തയാറാകണമെന്ന് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.
ഗസ്സ തീരത്ത് താൽക്കാലിക തുറമുഖം നിർമിച്ച് സഹായം ലഭ്യമാക്കാനുള്ള അമേരിക്കൻ നീക്കത്തെ ഹമാസ് സ്വാഗതം ചെയ്തു. എന്നാൽ, റഫ ഉൾപ്പെടെ അതിർത്തി മാർഗം ഗസ്സയിൽ സഹായം എത്തിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നും ഹമാസ് പ്രതികരിച്ചു.
ഇന്നലെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 82 പേർ കൂടി കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ സഹായം എത്തിക്കാനുള്ള നടപടി ഇനിയും വിജയം കണ്ടില്ല. ഇന്നലെയും വടക്കൻ ഗസ്സയിൽ വിമാനത്തിൽ ഭക്ഷ്യപാക്കറ്റുകൾ അമേരിക്ക എയർഡ്രോപ്പ് ചെയ്തിട്ടുണ്ട്.
ഗസ്സയിൽ സഹായമെത്തിക്കാൻ എളുപ്പ വഴി റോഡാണെന്ന് ഫലസ്തീനായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസി യു.എൻ.ആർ.ഡബ്ല്യു.എ വ്യക്തമാക്കി. സഹായം എത്തിക്കാനുള്ള ലളിതവും കാര്യക്ഷമവുമായ റോഡ് മാർഗത്തെ ഉപേക്ഷിച്ച് എയർഡ്രോപ്പിലും സമുദ്ര ഇടനാഴികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി യാഥാർഥ്യബോധത്തോടെയുള്ളതല്ലെന്ന് യു.എൻ.ആർ.ഡബ്ല്യു.എ വക്താവ് ജൂലിയറ്റ് ടൂമ പറഞ്ഞു.
വെള്ളിയാഴ്ച എയർ ഡ്രോപ്പിനിടെ ഭക്ഷ്യചാക്കുകൾ തലയിൽ വീണ് ആറു പേർ മരിക്കുകയുണ്ടായി. റമദാൻ ആസന്നമായതോടെ വെസ്റ്റ് ബാങ്കിലെ മസ്ജിദുൽ അഖ്സയിൽ ഫലസ്തീനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി ബെൻഗവിർ രംഗത്തുവന്നു. അടിയന്തര യുദ്ധകാര്യ മന്ത്രിസഭ ഉടൻ യോഗം ചേരണമെന്നും ബെൻ ഗവിർ ആവശ്യപ്പെട്ടു.
ചെങ്കടലിൽ അമേരിക്കൻ യുദ്ധകപ്പലിനു നേർക്ക് ആക്രമണം നടത്തിയെന്ന് ഹൂതികൾ ഇന്നലെ അവകാശപ്പെട്ടിരുന്നു. എന്നാൽ, കപ്പലുകൾ സുരക്ഷിതമാണെന്ന് യു.എസ് സെൻട്രൽ കമാൻറ് അറിയിച്ചു. ഹൂതി കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നിരവധി ഡ്രോണുകൾ തകർത്തതായും അമേരിക്ക വ്യക്തമാക്കി. വടക്കൻ ഗസ്സയിലേക്ക് സഹായവുമായി സൈപ്രസിൽ നിന്നുള്ള കപ്പൽ ഈ ആഴ്ച പുറപ്പെടും.
Adjust Story Font
16