കേരള സിലബസ് പ്ലസ് ടു പരീക്ഷാഫലം; ഗൾഫിൽ 96.13 ശതമാനം വിജയം
ഗൾഫിൽ യുഎഇയിൽ മാത്രമാണ് കേരള സിലബസിൽ പ്ലസ് ടു പരീക്ഷ നടന്നത്. 105 ഗൾഫ് വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
കേരള സിലബസ് പ്ലസ് ടു പരീക്ഷയിൽ ഗൾഫിലെ സ്‌കൂളുകൾക്ക് മിന്നുന്ന വിജയം. പരീക്ഷ നടന്ന യുഎഇയിലെ എട്ട് സ്‌കൂളുകളിൽ നാല് സ്‌കൂളുകൾ നൂറുമേനി വിജയം നേടി. പരീക്ഷയെഴുതിയ 465 പേരിൽ 447 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 96.13 ആണ് വിജയശതമാനം.
ഗൾഫിൽ യുഎഇയിൽ മാത്രമാണ് കേരള സിലബസിൽ പ്ലസ് ടു പരീക്ഷ നടന്നത്. 105 ഗൾഫ് വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയ അബൂദബി മോഡൽ സ്‌കൂൾ, ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ, അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ എന്നിവയാണ് നൂറുമേനി കൊയ്ത വിദ്യാലയങ്ങൾ. 107 പേരെ പരീക്ഷക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ച അബൂദബി മോഡൽ സ്‌കൂളിൽ 47 പേർക്ക് ഫുൾ എ പ്ലസുണ്ട്. സയൻസ്, കോമേഴ്‌സ് സ്ട്രീമുകളിൽ ഗൾഫ് ടോപ്പർമാരും ഈ സ്‌കൂളിലാണ്.
സയൻസ് സ്ട്രീമിൽ 1200 ൽ 1195 മാർക്ക് നേടി അമൽ ഈമാൻ ഗൾഫിൽ ഒന്നാമതെത്തിയപ്പോൾ 1191 മാർക്ക് നേടി കെ.കെ മുഹമ്മദ് റാസി രണ്ടാമതെത്തി. കൊമേഴ്‌സ് വിഭാഗത്തിൽ 1192 മാർക്ക് നേടിയ എസ് എൻ ഷഹനായാണ് ഗൾഫ് ടോപ്പർ.
90 കുട്ടികൾ പരീക്ഷയെഴുതിയ ദുബൈ ഇന്ത്യൻ മോഡൽ സ്‌കൂളിൽ 28 പേർ ഫുൾ എ പ്ലസ് നേടി. 23 പേർ പരീക്ഷയെഴുതിയ ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ ഏഴ് പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 19 പേർ പരീക്ഷയെഴുതിയ അൽഐൻ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ രണ്ടുപേർക്കാണ് ഫുൾ എ പ്ലസ് നേടാനായത്. 74 പേർ പരീക്ഷയെഴുതിയ ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ 11 പേർക്ക് ഉപരിപഠനയോഗ്യത നേടാനായില്ല. ആറ് പേർ പരീക്ഷയഴുതിയ ഉമ്മുൽഖുവൈൻ ഇംഗ്ലീഷ് സ്‌കൂളിൽ രണ്ടുപേർക്കും, 44 പേർ പരീക്ഷക്കിരുന്ന ഫുജൈറ ഇന്ത്യൻ സ്‌കൂളിൽ ഒരാൾക്കും ഉപരിപഠനയോഗ്യത നേടാനായില്ല. ഇവിടെ ഒമ്പത് പേർ മുഴുവൻ വിഷയത്തിലും പ്ലസ് കരസ്ഥമാക്കി. ന്യൂ ഇന്ത്യൻ സ്‌കൂൾ റാസൽഖൈമയിൽ അഞ്ച് പേർക്ക് ഫുൾ എപ്ലസ് ലഭിച്ചപ്പോൾ ആറ് പേർക്ക് ഉപരിപഠനത്തിന് അവസരം ലഭിച്ചില്ല. ഇവരിലൊരാൾ കോവിഡ് ബാധയെ തുടർന്ന് പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർഥിയാണ്.
Adjust Story Font
16