അടിച്ചത് 44.75 കോടി; ലീന ജലാലിന് ഭാഗ്യം വന്നത് ഈ വഴി
ചാവക്കാട് സ്വദേശിനിയായ ലീന ജലാലിന് ഇപ്പോഴും ആ വാർത്ത ഉൾക്കൊള്ളാനായിട്ടില്ല
'ദൈവത്തിനു നന്ദി. വാക്കുകൾ കിട്ടുന്നില്ല. എന്തു പറയണമെന്നറിയില്ല. ഒരു വർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. എന്നാൽ സ്വന്തം പേരിൽ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നത്. സമ്മാനം അടിച്ചുവെന്ന് വിളി വന്നപ്പോൾ വ്യാജ കോളാണെന്നാണ് കരുതി. വിശ്വസിക്കാൻ ഏറെ സമയമെടുത്തു.'- ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ബമ്പറടിച്ച ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനി ലീന ജലാലിന് ഇപ്പോഴും ആ വാർത്ത ഉൾക്കൊള്ളാനായിട്ടില്ല.
2.2 കോടി ദിർഹമാണ് (44.75 കോടി രൂപ) ലീനയും സഹപ്രവർത്തകരായ ഒമ്പതു പേരും ചേർന്നെടുത്ത ടിക്കറ്റിന് അടിച്ചത്. നാലു വർഷമായി അബുദാബിയിലെ ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽഎൽസി എച്ച്ആർ ഉദ്യോഗസ്ഥയാണ് ലീന. ജനുവരി 27 നു വാങ്ങിയ144387 നമ്പർ ടിക്കറ്റിനാണ് ഭാഗ്യം ലീനയെ തേടിയെത്തിയത്. ബിഗ് ടിക്കറ്റ് ഹോസ്റ്റ് റിച്ചാര്‍ഡ് ആണ് ഇവരെ വിജയവിവരം വിളിച്ചറിയിച്ചത്.
ഇന്നലെ നടന്ന നറുക്കെടുപ്പിൽ അഞ്ചു സമ്മാനങ്ങളും ഇന്ത്യയ്ക്കാർക്ക് തന്നെയാണ് ലഭിച്ചത്. സുറൈഫ് സുറു ഒരു മില്യൺ ദിർഹം നേടി. സിൽജോൺ യോഹന്നാൻ (അഞ്ചു ലക്ഷം ദിർഹം), അൻസാർ സുക്കരിയ മൻസിൽ (2.5 ലക്ഷം ദിർഹം), ദിവ്യ എബ്രഹാം (ഒരു ലക്ഷം ദിർഹം) എന്നിവരാണ് മറ്റു ജേതാക്കൾ.
മലപ്പുറം ജില്ലക്കാരനാണ് സുറൈഫ്. 29 പേരുമായി ചേർന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. റാസൽഖൈമയിൽ എഞ്ചിനീയറാണ് ഇദ്ദേഹം. ഡ്രീം കാർ സീരീസിൽ ബംഗ്ലാദേശ് സ്വദേശി നാസിറുദ്ദീൻ റേഞ്ച് റോവർ ഇവോക് കാർ സ്വന്തമാക്കി.
Adjust Story Font
16