ദുബൈ ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പാക്കാൻ ധാരണ
പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ഈ വർഷം പകുതിയോടെ ദുബൈ അൽ ഖവാനീജ് 2 ൽ തുടങ്ങും

ദുബൈ: ദുബൈ എമിറേറ്റിൽ ഹൈപ്പർ മാർക്കറ്റുകളും എക്‌സ്പ്രസ് സ്റ്റോറുകളും ഉൾപ്പെടെ വിവിധ റീട്ടെയിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനായി ദുബൈ ഔഖാഫും ലുലു ഗ്രൂപ്പും ധാരണയായി. ദുബൈ ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫേഴ്‌സ് ഫൗണ്ടേഷൻ ചെയർമാൻ ഈസ അബ്ദുള്ള അൽ ഗുറൈർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ദുബൈ ഔഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുത്തവ, ലുലു റീട്ടെയ്ൽ ഗ്ലോബൽ ഓപ്പറേഷൻ ഡയറക്ടർ എം.എ സലിം എന്നിവർ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
വിവിധ ഷോപ്പിംഗ് കേന്ദ്രങ്ങളടക്കം ദുബൈയിൽ വരാനിരിക്കുന്ന കമ്യൂണിറ്റി പദ്ധതികൾ ഔഖാഫിന്റെ സഹകരണത്തോടെ ലുലു യാഥാർഥ്യമാക്കും. ഔഖാഫിന്റെ വിശാലമായ സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാനായി റീട്ടെയിൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ധാരണപത്രം വിഭാവനം ചെയ്യുന്നു. പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ഈ വർഷം പകുതിയോടെ ദുബൈ അൽ ഖവാനീജ് 2 ൽ തുടങ്ങും.
റീട്ടെയിൽ സേവനങ്ങൾ നൽകാനായി ലുലുവിനെ തിരഞ്ഞെടുത്തതിൽ ദുബൈ ഭരണനേതൃത്വത്തിനും ദുബൈ ഔഖാഫിനും യൂസഫലി നന്ദി പറഞ്ഞു. ഔഖാഫിന്റെ വിവിധ പദ്ധതികളിൽ ഹൈപ്പർ മാർക്കറ്റുകളുൾപ്പെടെ റീട്ടെയ്ൽ സേവനങ്ങൾ കൂടുതൽ വിപുലമായി പൊതു സമൂഹത്തിന് ലഭ്യമാക്കുന്നതിന് ഔഖാഫും ലുലുവും തമ്മിലുള്ള സഹകരണം വഴിതുറക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.
Adjust Story Font
16