ഷോപ്പിങ് മാളുകളിൽ സിനിമാ തിയേറ്ററുകൾ; ലുലുഗ്രൂപ്പും സ്റ്റാർസിനിമയും കരാർ ഒപ്പിട്ടു
അബൂദബിയിൽ 22 പുതിയ സ്‌ക്രീനുകൾ
ദുബൈ: യുഎഇയിൽ ലുലുഗ്രൂപ്പിന്റെ ഷോപ്പിങ് മാളുകളിൽ പുതിയ സിനിമാ തിയേറ്ററുകൾ സ്ഥാപിക്കാൻ സ്റ്റാർ സിനിമയുമായി കരാറായി. അബൂദബിയിൽ വിവിധ മാളുകളിലായി പുതിയ 22 സ്‌ക്രീനുകൾ പ്രവർത്തനം ആരംഭിക്കും. ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ മാളുകളിലും സ്റ്റാർ സിനിമയുടെ തിയേറ്ററുകൾ സജ്ജമാകും. ഫാർസ് ഫിലിം, സ്റ്റാർസിനിമ എന്നിവയുടെ സ്ഥാപകൻ അഹമ്മദ് ഗുൽഷൻ, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എം അഷ്‌റഫ് അലി എന്നിവരാണ് പുതിയ സിനിമ തിയേറ്റുകൾക്കായി കരാർ ഒപ്പിട്ടത്.
അബൂദബിയിലെ അൽ റാഹ മാൾ, അൽവഹ്ദ മാൾ, അൾഫൂആ മാൾ, ബരാറി ഔട്ട്‌ലെറ്റ് മാൾ എന്നിവിടങ്ങളിലാണ് 22 പുതിയ സ്‌ക്രീനുകൾ സ്ഥാപിക്കുന്നത്. നിലവിലുള്ള 76 സ്‌ക്രീനുകൾക്ക് പുറമെയാണിത്. ഇതിന് പുറമെ ദുബൈ സിലിക്കൺ ഒയാസിസിലെ സിലിക്കൺ സെൻട്രൽ മാൾ, ഷാർജ സെൻട്രൽമാൾ, റാക് സെൻട്രൽ മാൾ എന്നിവിടങ്ങളിൽ സിനിമാ തിയേറ്ററുകൾ ആരംഭിക്കാനും കരാറായിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ മാൾ വികസന വിഭാഗമായ ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സുമായാണ് കരാർ ഒപ്പിട്ടത്. പുതിയ കരാറോടെ സിനിമാ സ്‌ക്രീനുകളുടെ എണ്ണത്തിൽ യു എ ഇയിലെ രണ്ടാമത്തെ വലിയ സിനിമാ ഓപ്പറേറ്റിങ് കമ്പനിയായി സ്റ്റാർ സിനിമ മാറിയെന്ന് സ്ഥാപനം വാർത്താകുറിപ്പിൽ അവകാശപ്പെട്ടു.
Adjust Story Font
16