ക്രൈസ്തവ ദേവാലയത്തിന് യൂസുഫലിയുടെ ഒരു കോടി സഹായം
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അനുവദിച്ച 4.37 ഏക്കർ ഭൂമിയിൽ നിർമിക്കുന്ന പള്ളിക്കാണ് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസുഫലി സഹായം നൽകിയത്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യ അബൂദബി അബു മുറൈഖയിൽ നിർമിക്കുന്ന ദേവാലയത്തിന് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസുഫലി ഒരു കോടി രൂപ സഹായം നൽകി. 15,000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്ന പള്ളിയിൽ 750 പേർക്ക് പ്രാർഥനാ സൗകര്യമുണ്ട്. ഈ വർഷം അവസാനത്തോടെ പള്ളിയുടെ നിർമാണപ്രവൃത്തി പൂർത്തിയാകും.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അനുവദിച്ച 4.37 ഏക്കർ ഭൂമിയിൽ നിർമിക്കുന്ന പള്ളിക്കാണ് സഹായം നൽകിയത്. അബൂദബി സി.എസ്.ഐ പാരിഷ് വികാരി റവ. ലാൽജി എം. ഫിലിപ്പിന് യൂസഫലി തുക കൈമാറി. സി.എസ്.ഐ മധ്യകേരള മഹാഇടവക ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.
അബൂദബി കിരീടാവകാശി അനുവദിച്ച സ്ഥലത്ത് നിർമിക്കുന്ന ബാപ്സ് ഹിന്ദു ക്ഷേത്രത്തിന് സമീപമാണ് പള്ളിയും പണിയുന്നത്.യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനാണ് ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ചത്. എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുള്ള യു.എ.ഇയിൽ വ്യത്യസ്ത മതക്കാർക്ക് സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ് ഭരണാധികാരികൾ ഉറപ്പുനൽകുന്നതെന്ന് യൂസഫലി പറഞ്ഞു. യു.എ.എ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ആവിഷ്കരിച്ച സഹിഷ്ണുതാ ആശയങ്ങളാണ് യു.എ.ഇ ഭരണകൂടം പിന്തുടരുന്നത്. സാഹോദര്യത്തിന്‍റെയും മാനവികതയുടെയും പുതിയ മാതൃകയാണ് യു.എ.ഇ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേർത്തു.
Adjust Story Font
16