ഷാർജ പുസ്തകമേളയിൽ മാധ്യമം ബുക്‌സിൻ്റെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു
അറബ് ലോകത്തു നിന്ന് കൂടുതൽ പുസ്തകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താൻ പദ്ധതിയുണ്ടെന്ന് 'മാധ്യമം ബുക്‌സ്' അധികൃതർ അറിയിച്ചു
ഷാർജ: മാധ്യമം ബുക്‌സിൻറെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവ വേദിയിലാണ് പ്രകാശനം നടന്നത്. അറബ് ലോകത്തു നിന്ന് കൂടുതൽ പുസ്തകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്താൻ പദ്ധതിയുണ്ടെന്നും 'മാധ്യമം ബുക്‌സ്' സാരഥികൾ അറിയിച്ചു.
പുസ്തകങ്ങൾ എഴുത്തുകാരൻറെ ആത്മപ്രകാശന വേദിയാണെന്നും കൂടുതൽ പുസ്തകങ്ങൾ പുറത്തിറങ്ങന്നത് ആഹ്‌ളാദം നിറയ്ക്കുന്ന അനുഭവമാണെന്നും പ്രമുഖ അറബ് കവയിത്രിയും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂനിയൻ ജന. സെക്രട്ടറിയുമായ ശൈഖ അൽ മുതൈരി പറഞ്ഞു. 'മാധ്യമം ബുക്‌സ്'പുറത്തിറക്കിയ കവി കെ. സച്ചിദാനന്ദൻറെ 'കവിതക്കൊരു വീട്' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
'മാധ്യമം ബുക്‌സ്' പ്രസിദ്ധീകരിച്ച, സുൽഹഫ് എഡിറ്റ് ചെയ്ത ഏക സിവിൽകോഡിനെ കുറിച്ച 'ഏകത്വമോ, ഏകാധിപത്യമോ' എന്ന പുസ്തക പ്രകാശനവും ചടങ്ങിൽ നടന്നു. എഴുത്തുകാരനും മലയാളം സർവകലാശാല സാമൂഹിക ശാസ്ത്ര വിഭാഗം ഡീനുമായ ഡോ. പി.കെ പോക്കർ പ്രകാശനം ചെയ്തു. മാധ്യമം എഡിറ്റർ വി.എം ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ഷാർജ ബുക്‌ലാൻറ് പബ്ലിഷേഴ്‌സ് സ്ഥാപകൻ സലീം ചങ്ങരംകുളം, 'ഗൾഫ് മാധ്യമം' മീഡിയാ വൺ മിഡിൽഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, 'ഗൾഫ് മാധ്യമം' മിഡിൽഈസ്റ്റ് എഡിറ്റോറിയൽ മേധാവി സാലിഹ് കോട്ടപ്പള്ളി എന്നിവരും സംസാരിച്ചു. മഹ്മൂദ് ദർവീശിൻറെ 'ഗലീലിയിൽ കുരുവികൾ മരിച്ചുവീഴുന്നു' എന്ന പുസ്തക പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
Adjust Story Font
16