തൊഴിൽ വാഗ്ദാനം നൽകി തട്ടിപ്പ്; സന്ദർശകവിസയിലെത്തിയ 36 മലയാളികൾ ദുരിതത്തിൽ
ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് ഗള്‍ഫിലെത്തിച്ചതെന്ന് തട്ടിപ്പിനിരയായവര്‍
ഷാർജ: തൊഴിൽ വാഗ്ദാനം നൽകി ഗൾഫിലേക്ക് സന്ദർശക വിസയിൽ ആളുകളെ കൊണ്ടു പോകുന്ന സംഘം വീണ്ടും പിടിമുറുക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 36 മലയാളികളാണ് ഷാർജയിൽ നരകിക്കുന്നത്. ഏജൻറ് മുങ്ങിയതോടെ സാമൂഹിക പ്രവർത്തകർ നൽകുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ഇവർ പിടിച്ചു നിൽക്കുന്നത്.
ഷാർജയിലെ കുടുസുമുറിയിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് കഴിച്ചു കൂട്ടുകയാണിപ്പോൾ ഈ മലയാളികൾ. ആലുവ അത്താണി സ്വദേശി മുഹമ്മദ് സനീറാണ് തൊഴിൽ വാഗ്ദാനം നൽകി വഞ്ചിച്ചതെന്ന് ഇവർ പറഞ്ഞു. പല ദിവസങ്ങളിലായി യു.എ.ഇയിൽ എത്തിച്ച ഇവരെ ഉമ്മുൽഖുവൈൻ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലായി ഏജൻറ്മാറ്റി മാറ്റി താമസിപ്പിക്കുകയായിരുന്നു .
എറണാകുളത്തെ ഒരു പ്രവാസിയുടെ നേതൃത്വത്തിലാണ് വലിയ തുക വാങ്ങി ഇവരെ കൊണ്ടുവന്നത്. ഒരു മാസത്തെ സന്ദർശക വിസയിൽ എത്തിയവരാണിവർ. വൻകിട കമ്പനികളിൽ മികച്ച ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടുവന്നത്. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും ചെറിയൊരു ജോലി പോലും ഇവർക്ക് ലഭിച്ചിട്ടില്ല. ചിലരുടെ വിസാ കാലാവധിയും തീർന്നിരിക്കുകയാണ്. ഇതൊക്കെയായിട്ടും നാട്ടിൽ നിന്ന് കൂടുതൽ പേരെ കൊണ്ടുവരാൻ ഏജൻറ് ശ്രമം നടത്തുന്നതായും ഇരകൾ പരാതിപ്പെട്ടു.
ഭക്ഷണത്തിനു പോലും മറ്റുള്ളവരുടെ മുമ്പാകെ കൈനീട്ടേണ്ട ഗതികേടിലാണിവർ. ചില സാമൂഹിക പ്രവർത്തകരാണ് ഇവർക്ക് തുണയായി രംഗത്തുള്ളത്. യുനൈറ്റഡ് പി.ആർ അസോസിയേഷെൻറ ആഭിമുഖ്യത്തിലാണ് ഇവർക്ക് ഭക്ഷണം എത്തിക്കുന്നത്. ചെലവായ പണം ഏജൻറിൽ നിന്ന് വാങ്ങിച്ച് ഇവരെ നാട്ടിലേക്ക് കയറ്റി വിടാനുള്ള ഒരുക്കത്തിലാണ് സാമൂഹിക പ്രവർത്തകർ. അതേസമയം, നാട്ടിൽ നിന്ന് സന്ദർശകവിസയിൽ തൊഴിൽ തേടിയെത്തുന്ന രീതി അവസാനിപ്പിക്കാൻ നടപടി വേണമെന്നാണ് സാമൂഹിക പ്രവർത്തകരുടെ ആവശ്യം. ഒരാഴ്ചക്കകം പ്രശ്‌നം പരിഹരിക്കാമെന്നാണ് ഒടുവിൽ ഏജൻറ് സാമൂഹിക പ്രവർത്തകർക്ക് ഉറപ്പു നൽകിയിരിക്കുന്നത്.
Adjust Story Font
16