അജ്മാനില്‍ മലയാളി വിദ്യാർഥി കെട്ടിടത്തിൽനിന്ന് വീണുമരിച്ചു
പ്ലസ് ടു വിദ്യാർഥിയായ കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസ് ആണ് മരിച്ചത്
അജ്‌മാൻ: മലയാളി വിദ്യാര്‍ഥിയെ കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസ്(സച്ചു - 17) ആണ് അജ്‌മാനിൽ കെട്ടിടത്തിൽനിന്നു വീണുമരിച്ചത്.
അജ്‌മാൻ ഗ്ലോബൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് റൂബന്‍. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ടിടത്തിനു താഴെ കണ്ടെത്തിയത്. ചേംബർ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാംനിലയിൽനിന്നു വീണുമരിച്ച നിലയിലാണു കണ്ടെത്തിയത്. അജ്‌മാൻ പൊലീസ് ആണ് മാതാപിതാക്കളെ വിവരമറിയിച്ചത്.
മരിക്കുന്നതിന് തലേദിവസം രാത്രി ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ കൊയ്ത്തുത്സവത്തിലും റൂബൻ കുടുംബത്തോടൊപ്പം പങ്കെടുത്തതായി ബന്ധുക്കൾ പറഞ്ഞു. അജ്‌മാനിൽ സംരംഭകനായ പൗലോസ് ജോർജിന്റെയും ദുബൈ അൽ തവാറിൽ നഴ്‌സായി സേവനമനുഷ്ഠിക്കുന്ന ആശാ പൗലോസിന്റെയും മകനാണ്. വിദ്യാർഥിനികളായ രൂത്ത് സൂസൻ പൗലോസ്, റുബീന സൂസൻ പൗലോസ് എന്നിവർ സഹോദരികളാണ്. സംസ്‌കാരം നാട്ടിൽ.
Summary: A Malayali student died after falling from a building in Ajman
Adjust Story Font
16