MBZ-SAT വിക്ഷേപണം; കാലിഫോർണിയയിലെ ഒരുക്കങ്ങൾ വിലയിരുത്തി യുഎഇ ശാസ്ത്രജ്ഞർ
അറബ് ലോകത്തെ ഏറ്റവും നൂതനമായ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് MBZ-SAT
ദുബൈ: ഇമാറാത്തി എഞ്ചിനീയർമാർ തദ്ദേശീയമായി വികസിപ്പിച്ച MBZ-SAT ഉപഗ്രഹത്തിന്റെ വിക്ഷേപണ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. യുഎസിലെ കാലിഫോർണിയയിൽ നിന്ന് സ്‌പേസ് എക്‌സ് റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ദിവസങ്ങൾക്കകം MBZ-SAT വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്ഷേപണവുമായി ബന്ധപ്പെട്ട അവസാന ഘട്ട തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നതായി പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ അറിയിച്ചു. യുഎഇയിൽ വികസിപ്പിച്ച ഉപഗ്രഹം, ദക്ഷിണ കൊറിയയിലെ കൊറിയ എയറോ സ്‌പേസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സമഗ്ര പരിശോധനകൾക്ക് ശേഷമാണ് യുഎസിലേക്ക് കൊണ്ടുപോയത്. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ നയൺ റോക്കറ്റിലാകും വിക്ഷേപണം.
അറബ് ലോകത്തെ ഏറ്റവും നൂതനമായ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് MBZ-SAT. ഉയർന്ന റിസൊല്യൂഷനിലുള്ള ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള അത്യാധുനിക ക്യാമറയാണ് സാറ്റലൈറ്റിന്റെ പ്രധാന സവിശേഷത. ഓട്ടോമേറ്റഡ് ഷെഡ്യൂളിങ് സംവിധാനം വഴി, നിലവിലുള്ള ഉപഗ്രഹങ്ങൾ പകർത്തുന്നതിനേക്കാൾ പത്തിരട്ടി വ്യക്തതയുള്ള ചിത്രങ്ങൾ MBZ-SATന് പകർത്താനാകും. പകർത്തി രണ്ടു മണിക്കൂറിനുള്ളിൽ ലഭ്യമാകുന്ന ചിത്രങ്ങൾ വഴി പരിസ്ഥിതി നിരീക്ഷണം, ദുരന്ത നിവാരണം, അടിസ്ഥാന സൗകര്യ ക്രമീകരണം തുടങ്ങിയ കാര്യങ്ങളിൽ അതിവേഗത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളാനാകും.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ നീട്ടിവയ്ക്കുകയായിരുന്നു. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിന് ആദരമായാണ് ഉപഗ്രഹത്തിന് MBZ എന്ന് പേരിട്ടിട്ടുള്ളത്.
Adjust Story Font
16