മീഡിയവൺ സൂപ്പർകപ്പ്; ആദ്യ സെമി ഇന്ന് മലപ്പുറവും പാലക്കാടും തമ്മിൽ
രണ്ടാം സെമിയിൽ തിരുവനന്തപുരവും കോഴിക്കോടും ഏറ്റുമുട്ടും
ദുബൈയിൽ നടക്കുന്ന മീഡിയവൺ സൂപ്പർകപ്പിന്റെ ആദ്യ സെമിഫൈനലിൽ ഇന്ന് പാലക്കാടും മലപ്പുറവും തമ്മിൽ ഏറ്റുമുട്ടും. തിരുവനന്തപുരവും കോഴിക്കോടും തമ്മിലാണ് രണ്ടാം സെമി. യു.എ.ഇ സമയം രാത്രി ഒമ്പതിനാണ് ഫൈനൽ പോരാട്ടം.
ദുബൈ ക്ലബ് ഫോർ ഡിറ്റർമിൻഡ് സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തൃശൂർ ടസ്‌കേഴ്‌സിനെ പരാജയപ്പെടുത്തിയാണ് പാലക്കാട് പാന്തേഴ്‌സ് സെമി ഫൈനിലേക്ക് കടന്നത്. ടൂർണമെന്റിലെ ആദ്യ ഗോൾ സ്‌കോർ ചെയ്ത പാലക്കാടിന്റെ റിസ്‌വാനായിരുന്നു മാൻ ഓഫ് ദി മാച്ച്.
തീപാറിയ മത്സരത്തിൽ കാസർകോട് റൈഡേഴ്‌സിനെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയായിരുന്നു മലപ്പുറം ഹീറോസിന്റെ സെമി പ്രവേശം. കണ്ണൂർ വാരിയേഴ്‌സിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ച് കോഴിക്കോട് സെമിയിലെത്തി.
പൊരിഞ്ഞ പോരാട്ടത്തിൽ എറണാകുളം ചലഞ്ചേഴ്‌സിനെ തോൽപിച്ച് തിരുവനന്തപുരം ടൈറ്റാൻസും സെമിയിലെത്തി. നേരത്തേ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ മുൻ നായകൻമാരായ ഐ.എം വിജയനും, ജോപോൾ അഞ്ചേരിയും മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ പ്രജേഷ് സെൻ മുഖ്യാതിഥിയായി എത്തി.
യു.എ.ഇ ഫുട്‌ബോൾ മാച്ച് കമ്മീഷണർ മുസ്തഫ അൽ ദാഹിരി, മുൻ യു.എ.ഇ ഗോൾകീപ്പർ ഈസ അലി ജാസിൽ, ലാവൽ ക്ലബ് ഹെഡ് കോച്ച് മുസ്തഫ ഹെല്ലാക്ക്, കെഫ പ്രസിഡന്റ് ജാഫർ ഉറവൻകര, കെ.എഫ്.എ സംസ്ഥാനസമിതിയംഗം അൻവർ കാന്തപുരം, മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയരക്ടർ സലീം അമ്പലൻ, ഡയരക്ടർ ഡോ. അഹമ്മദ് തൊട്ടിയിൽ, മീഡിയവൺ-ഗൾഫ് മാധ്യമം കോർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുസലാം ഒലയാട്ട്, മീഡിയവൺ ജി.സി.സി ജനറൽ മാനേജർ ഷബീർ ബക്കർ, മിഡിലീസ്റ്റ് വാർത്താവിഭാഗം മേധാവി എം.സി.എ നാസർ തുടങ്ങിയവർ പങ്കെടുത്തു.
Adjust Story Font
16