'റാശിദ് റോവർ' പ്രവർത്തനം വിജയകരം; ആദ്യ സന്ദേശം ലഭിച്ചു
ഭൗമോപരിതലത്തിൽ നിന്നും 4.4ലക്ഷം കി.മീറ്റർ ദൂരെ നിന്നാണ് സന്ദേശം എത്തിയത്
ദുബൈ: കഴിഞ്ഞ ദിവസം വിജയകരമായി വിക്ഷേപിച്ച അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യ പേടകമായ 'റാശിദ് റോവറി'ൽ നിന്ന് ആദ്യ സന്ദേശം ലഭിച്ചതായി യു.എ.ഇ. ദുബൈ ഖവാനീജിലെ മുഹമ്മദ് ബിൻ റാശിദ് സ്പെയ്സ് സെന്‍ററിലേക്കാണ് ആദ്യ സന്ദേശമെത്തിയത്. റാശിദ് റോവറിന്‍റെ ഇതുവരെയുള്ള പ്രവർത്തനം തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
റാശിദിൽ നിന്ന് ആദ്യ സന്ദേശം ലഭിച്ച വിവരം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്. ഭൗമോപരിതലത്തിൽ നിന്നും 4.4ലക്ഷം കി.മീറ്റർ ദൂരെ നിന്നാണ് സന്ദേശം എത്തിയത്. പേടകത്തിന്‍റെ എല്ലാ സംവിധാനങ്ങളും ഉപകരണങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നതായും ശൈഖ് മുഹമ്മദ് ട്വീറ്റിൽ വ്യക്തമാക്കി. അടുത്ത മാസങ്ങളിൽ ചന്ദ്രനിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിനായി ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു തുടങ്ങിയതായും ശൈഖ് മുഹമ്മദ് അറിയിച്ചു.
ഞായറാഴ്ച രാവിലെ യു.എ.ഇ സമയം 11.38നാണ് യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് റാശിദ് വിക്ഷേപിച്ചത്. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാർ നിർമിച്ച പേടകം 2023 ഏപ്രിലോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷ. പേടകത്തിൽ നിന്ന് ആദ്യ സന്ദേശം പുറത്തുവന്നത് ചന്ദ്രനിൽ വിജയകരമായി എത്തുമെന്ന പ്രതീക്ഷകൾക്ക് കൂടുതൽ ജീവൻ പകർന്നിരിക്കുകയാണ്. ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ പ്രധാനമായും ലക്ഷ്യമിടുന്നത്.
Adjust Story Font
16