ലിബിയക്ക് കൂടുതൽ സഹായം; കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് യു.എ.ഇ
34അംഗ രക്ഷാപ്രവർത്തകരെ യു.എ.ഇ നേരത്തെ ലിബിയയിലേക്ക് അയച്ചിരുന്നു
ദുബൈ: വെള്ളപ്പൊക്കം ദുരിതം വിതച്ച ലിബിയയിൽ കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് യു.എ.ഇ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾക്കാണ് ഇത് തുണയായത്. 34അംഗ രക്ഷാപ്രവർത്തകരെയും യു.എ.ഇ നേരത്തെ ലിബിയയിലെ ദുരിത കേന്ദ്രങ്ങളിലേക്കായി നിയോഗിച്ചിരുന്നു.
ഭക്ഷ്യോൽപന്നങ്ങൾക്കു പുറമെ പുതപ്പുകളും മറ്റ് അവശ്യ വസ്തുക്കളും ധാരാളമായി ലിബിയയിൽ എത്തിച്ചതായി റെഡ്ക്രസൻറ് സാരഥികൾ അറിയിച്ചു. വെള്ളപ്പൊക്കം കാരണം എല്ലാം നഷ്ടപ്പെട്ട പതിനായിരങ്ങളാണ് വിവിധ ക്യാമ്പുകളിലും മറ്റുമായി താമസിച്ചു വരുന്നത്.
യു.എ.ഇപ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻറെ പ്രത്യേക നിർദേശത്തെ തുടർന്ന് ലിബിയയിലേക്കുള്ള പ്രവർത്തനം വിപുലീകരിച്ചതായി റെഡ്ക്രസൻറ് സാരഥികൾ അറിയിച്ചു. വീടും മറ്റു സംവിധാനങ്ങളും നഷ്ടപ്പെട്ടവർക്ക് അടിയന്തിര ആവശ്യവസ്തുക്കൾ എത്തിക്കുന്നതിന് കൂടുതൽ വിമാനങ്ങൾ ലിബിയയിലേക്ക് അയക്കാനും യു.എ.ഇക്ക് പദ്ധതിയുണ്ട്. താൽകാലിക പാർപ്പിടം സജ്ജീകരിക്കുന്നതിന് ആവശ്യമായ വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ എന്നിവയും യു.എഇ ലിബിയയിൽ എത്തിച്ചിട്ടുണ്ട്. 150ടൺ സഹായ വസ്തുക്കൾ ആദ്യഘട്ടത്തിൽ തന്നെ യു.എ.ഇ ലിബിയക്ക് കൈമാറിയിരുന്നു.
Adjust Story Font
16