ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ
വിസാ കാലാവധി തീർന്നവരുടെ കാര്യത്തിൽ ഉദാരസമീപനം സ്വീകരിക്കും
ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി. ഈ മാസം അവസാനത്തോടെ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്നുണ്ട്. വിസാ കാലാവധി തീർന്നവരുടെ കാര്യത്തിൽ ഉദാരസമീപനം സ്വീകരിക്കുമെന്നും അദ്ദേഹം അജ്മാനിൽ പറഞ്ഞു.
ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാൻ യു.എ.ഇ സർക്കാറുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിലെ ഇളവിൽ നിരവധി പ്രവാസികൾ തിരിച്ചുവരുന്നുണ്ട്. ഈ മാസം അവസാനം കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്നുവെന്ന് കോൺസുൽ ജനറൽ വ്യക്തമാക്കി. വിസാ കാലാവധി പിന്നിട്ടവർക്ക് ദുബൈ ഇളവ് നൽകിയിട്ടുണ്ടെങ്കിലും മറ്റു എമിറേറ്റുകൾ കാലാവധി നീട്ടി നൽകിയിട്ടില്ല. മറ്റു എമിറേറ്റുകളും സമാനമായ സൗകര്യം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺസുൽ ജനറൽ പറഞ്ഞു.
തൊഴിൽ തട്ടിപ്പുകൾ തടയാൻ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ വഴി മാത്രം യു.എ.ഇയിൽ ജോലിക്ക് എത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. യു.എ.ഇയിലെ സ്ഥാപനങ്ങൾ നൽകുന്ന ഓഫർ ലൈറ്ററുകളുടെ ആധികാരികത ഉറപ്പക്കാൻ കോൺസുലേറ്റിന്‍റെ പ്രവാസി സഹായ കേന്ദ്രം ഓൺലൈൻ വഴി തന്നെ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ഡോ. അമൻ പുരി പറഞ്ഞു.
Adjust Story Font
16