കാൽനടയാത്രക്കാരുടെ സുരക്ഷ വർധിക്കും; ദുബൈ നഗരത്തിൽ കൂടുതൽ സ്മാർട്ട് സിഗ്‌നലുകൾ വരുന്നു
സെൻസറുകളുടെ സഹായത്തോടെ കാൽനടക്കാർ റോഡ് മുറിച്ചു കടക്കുന്ന സ്ഥലത്തെ സിഗ്‌നൽ നിയന്ത്രിക്കുന്ന സംവിധാനമാണിത്
യു.എ.ഇ: ദുബൈ നഗരത്തിൽ കൂടുതൽ സ്മാർട്ട് സിഗ്‌നലുകൾ വരുന്നു. സെൻസറുകളുടെ സഹായത്തോടെ കാൽനടക്കാർ റോഡ് മുറിച്ചു കടക്കുന്ന സ്ഥലത്തെ സിഗ്‌നൽ നിയന്ത്രിക്കുന്ന സംവിധാനമാണിത്. പത്ത് മേഖലകളിൽ കൂടി സിഗ്‌നലുകൾ ഉടൻ സ്മാർട്ടാകും. സ്മാർട്ട് സിഗ്‌നലുകൾ കാൽനടക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതൽ സ്ഥലത്തെ പെഡസ്ട്രീയൻ ക്രോസിങ്ങുകൾ ആർ.ടി.എ സ്മാർട്ടാക്കാൻ തീരുമാനിച്ചത്.
ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കിയ സ്ഥലങ്ങളിൽ അപകടങ്ങൾ ഉണ്ടായിട്ടില്ല. അടുത്തവർഷത്തിനകം ദുബൈ നഗരത്തിലെ സ്മാർട്ട് സിഗ്‌നലുകളുടെ എണ്ണം 28 ആയി വർധിപ്പിക്കും. കാൽനടക്കാരുടെ സാന്നിധ്യത്തിന്റെ അടിസ്ഥാനത്തിൽ സിഗ്‌നൽ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനാൽ ഈ സംവിധാനം കാര്യക്ഷമമാണെന്ന് ആർ.ടി.എ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് ഡയറക്ടർ മുഹമ്മദ് അൽ അലി പറഞ്ഞു. കടന്നുപോകാൻ കൂടുതൽ സമയം ആവശ്യമുള്ള വയോധികർ, ഭിന്നശേഷിക്കാർ, ലഗേജുകളോ പുഷ്ചെയറുകളോ ഉള്ള വ്യക്തികൾ എന്നിവർക്ക് റോഡ് മുറിച്ചു കടക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നതും സ്മാർട് സംവിധാനത്തിന്റെ പ്രത്യേകതയാണ്. അതോടൊപ്പം കാൽനടയാത്രക്കാർ ഇല്ലാത്ത സമയങ്ങളിൽ പെഡസ്ട്രിയൻ മോഡ് ഒഴിവാക്കി വാഹനങ്ങൾക്ക് പൂർണമായി കടന്നുപോകാൻ ഇത് സൗകര്യവുമൊരുക്കും.
Adjust Story Font
16