Quantcast

പ്രവാസ ജീവിതം ആദ്യമായി മലയാള സിനിമയുടെ തിരശ്ശീലയിലെത്തിച്ച എം.ടി; 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' ഇന്നും പ്രസക്തം

ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ കള്ളലോഞ്ചിൽ ഗൾഫിലേക്ക് കടൽകടക്കുന്ന എഴുപതുകളിലെ മലയാളി യുവാക്കളുടെ കഥയാണ് ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’

MediaOne Logo

Web Desk

  • Published:

    25 Dec 2024 6:17 PM GMT

MT Vasudevan Nair passed away
X

ദുബൈ: ഗൾഫ് പ്രവാസികളുടെ ജീവിതം ആദ്യമായി മലയാള സിനിമയുടെ തിരശ്ശീലയിലെത്തിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. ഗൾഫിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ 'വിൽക്കാനുണ്ട് സ്വപ്ന'ങ്ങളുടെ തിരക്കഥ എം.ടി.യുടേതാണ്. 1980 ൽ പുറത്തിറങ്ങിയ ഈ സിനിമ പുതിയ കലാത്തെ പ്രവാസികൾക്കും ഇന്നത്തെ പ്രവാസികൾക്കും ഒരുപോലെ അനുഭവവേദ്യമാണ് എന്നത് എം.ടി. എന്ന കഥാകാരന്റെ ദീർഘവീക്ഷണത്തെ പ്രകടമാക്കുന്നുണ്ട്.

ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ കള്ളലോഞ്ചിൽ ഗൾഫിലേക്ക് കടൽകടക്കുന്ന എഴുപതുകളിലെ മലയാളി യുവാക്കളുടെ കഥയാണ് 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ'. നടൻ സുകുമാരൻ അനശ്വരമാക്കിയ രാജഗോപാലൻ മേനോൻ എന്ന എന്ന നായക കഥാപാത്രം എക്കാലത്തെയും പ്രവാസിയുടെ പ്രതിനിധിയാണ്. ലോഞ്ചിലെത്തി ഖൊർഫുക്കാനിലെ കടലിൽ ചാടി മരുഭൂമിയിലേക്ക് നീന്തി പ്രവാസത്തിന്റെ തീക്ഷണതകളിലൂടെ കടന്ന് സാമ്പത്തിക വിജയം നേടുമ്പോഴും സ്വന്തം മണ്ണിൽ സ്വപ്നം കണ്ടെതൊന്നും നേടാൻ കഴിയാതെ, വീണ്ടും ഗൾഫിലേക്ക് വിമാനം കയറേണ്ടി വരുന്ന നായകൻ. ഷാർജയിലും, അൽഐനിലും ദുബൈയിലുമായി ചിത്രീകരിച്ച ഈചിത്രം മമ്മൂട്ടിയുടെ ആദ്യകാല സിനിമ കൂടിയാണ്.

വ്യക്തിപരമായും സാമൂഹികമായും പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾക്ക് വർത്തമാന കാലത്തും വലിയ മാറ്റങ്ങളൊന്നുമില്ല എന്നത് 44 വർഷം മുമ്പ് എഴുതിയ തിരക്കഥയെ ഇപ്പോഴും കാലിക പ്രസക്തമാക്കുന്നു. നിങ്ങൾക്ക് ഗൾഫ് കാണാൻ സുവർണാവസരം എന്ന പരസ്യവാചകത്തോടെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ 1980 ൽ തിയേറ്ററിലെത്തിയത്. സിനിമയുടെ സംവിധായകൻ ആസാദ് നമ്മോട് നേരത്തേ വിടപറഞ്ഞു. ഇപ്പോഴിതാ പ്രിയകഥാകാരൻ എം.ടി.യും. എഴുത്തിന്റെ മഹാത്മാവിന് ഗൾഫ് പ്രവാസികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

TAGS :

Next Story