മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ യു.എ.ഇയിലെ അംഗീകാരം റദ്ദാക്കി
ഓഹരി, മൂലധനം എന്നിവയിൽ പാലിക്കേണ്ട ചട്ടങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി
ദുബൈ: പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് എക്‌സ്‌ചേഞ്ചിന്റെ യു.എ.ഇയിലെ അംഗീകാരം റദ്ദാക്കി. യു.എ.ഇ സെൻട്രൽ ബാങ്കിന്റേതാണ് നടപടി. ഓഹരി, മൂലധനം എന്നിവയിൽ പാലിക്കേണ്ട ചട്ടങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
യു.എ.ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. എക്‌സ്‌ചേഞ്ചുകൾ മൂലധനം ഓഹരി എന്നിവ യു.എ.ഇ നിർദേശിക്കുന്ന നിലവാരത്തിൽ സൂക്ഷിക്കുകയും ഇതിന്റെ കണക്കുകൾ സമർപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച പരിശോധനയിൽ മുത്തൂറ്റ് എക്‌സ്‌ചേഞ്ച് നിരന്തരമായി നിലവാരം സൂക്ഷിക്കുന്നില്ലെന്നും സ്ഥാപനത്തിന്റെ കണക്കുകൾ വ്യക്തമല്ലെന്നും കണ്ടത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ഇതുകൂടാതെ, ആർട്ടിക്കിൾ 137 (1) പ്രകാരം സ്ഥാപനത്തിന്റെ പേര് സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക രജിസ്റ്ററിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
യു.എ.ഇ.യുടെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിന് സെൻട്രൽ ബാങ്ക് സ്വീകരിച്ചിട്ടുള്ള നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസ്താവനയിൽ അറിയിച്ചു.
Adjust Story Font
16