വാഴയൂർ സാഫി കോളജിന് NAAC A++; അംഗീകാരം ആഘോഷമാക്കി പൂർവവിദ്യാർഥികൾ
കോളേജ് ചെയർമാനെയും പ്രിൻസിപ്പാളെയും ദുബൈയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
ദുബൈ: മലപ്പുറം വാഴയൂർ സാഫി കോളജിന് നാക് എ പ്ലസ് പ്ലസ് അക്രഡിറ്റേഷൻ ലഭിച്ചത് ആഘോഷമാക്കി യു എ ഇയിലെ പൂർവവിദ്യാർഥികൾ. കോളജ് ചെയർമാനെയും പ്രിൻസിപ്പാളെയും ദുബൈയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.
ദുബൈ ദേര ക്രീക്കിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ ഒത്തുചേർന്നാണ് സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നൂറുകണക്കിന് വിദ്യാർഥികൾ കലാലയത്തിന്റെ നേട്ടം ആഘോഷമാക്കി മാറ്റിയത്. സാഫി കോളജിന്റെ യു എ ഇയിലെ പൂർവ വിദ്യാർഥികളുടെ ആദ്യ ഒത്തുചേരൽ കൂടിയായിരുന്നു ഇത്. സാഫി ചെയർമാൻ ഡോ. ആസാദ് മൂപ്പൻ സംഗമം ഉദ്ഘാടനം ചെയ്തു.
ഡോ. ആസാദ് മൂപ്പനെയും പ്രിൻസിപ്പൽ പ്രഫ. ഇമ്പിച്ചി കോയയെയും ചടങ്ങിൽ ആദരിച്ചു. സാഫി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് കൂടുതൽ ഉയരങ്ങൾ താണ്ടാനുള്ള പ്രേരണ കൂടിയാണ് നാക് അംഗീകാരമെന്ന് വൈസ് പ്രസിഡന്റ് അമീർ അഹമ്മദ് മണപ്പാട്ട് പറഞ്ഞു.
ദുബൈ പൊലീസിലെ അബ്ദുല്ല മുഹമ്മദ് ആൽ ബലൂഷി, സാഫി ഇൻഫ്രാസ്ട്രക്ചർ ട്രാക്ക് വൈസ് പ്രസിഡന്റ് അസീസ് സ്കൈലൈൻ, ട്രസ്റ്റ് അംഗങ്ങളായ സലാഹുദ്ദീൻ, ജബ്ബാർ ഹോട്ട്പാക്ക്, സി ഒ ഒ കേണൽ നിസാർ അഹമ്മദ് സീതി തുടങ്ങിയവർ പങ്കെടുത്തു. പൂർവവിദ്യാർഥികളായ മുഹമ്മദ് റിസാൽ, സോഷ്യൽ മീഡിയതാരം സഹ് ല എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നൂറ്റിയമ്പതിലേറെ പൂർവ വിദ്യാർഥികളും അവരുടെ കുടുംബാഗംങ്ങളും സംഗമത്തിൽ ഒത്തുചേർന്നു.
Adjust Story Font
16