ദേശീയ ദിനാഘോഷം: 1500 തടവുകാരെ മോചിപ്പിച്ച് യു.എ.ഇ
ഗുരുതര കുറ്റകൃത്യങ്ങൾ അല്ലാത്ത കേസുകളിൽ ഉൾപ്പെട്ടവർക്കാണ് മോചനം
ദേശീയ ദിനം പ്രമാണിച്ച് യു.എ.ഇയിലെ രണ്ടായിരത്തിലേറെ തടവുകാരെ മോചിപ്പിക്കാൻ നിർദേശം. ഗുരുതര കുറ്റകൃത്യങ്ങൾ അല്ലാത്ത കേസുകളിൽ ഉൾപ്പെട്ടവർക്കാണ് മോചനം. മോചന നടപടികൾക്ക് തുടക്കം കുറിച്ചതായി അധികൃതർ വ്യക്തമാക്കി.
1530 തടവുകാരെ മോചിപ്പിക്കാനാണ് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകിയത്. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ച മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തു. തടവുകാർക്ക് പുനരാലോചന നടത്താനും പുതിയ ജീവിതം നയിക്കാനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോചനം.
കൂടുതൽ തടവുകാരെ മോചിപ്പിച്ച് ഷാർജ, ഫുജൈറ ഭരണാധികാരികളും ഉത്തരവിട്ടു. ഷാർജ എമിറേറ്റിലെ 333ഉം ഫുജൈറയിലെ 153ഉം തടവുകാരെയാണ് ദേശീയദിനം പ്രമാണിച്ച് മോചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയും ഉത്തരവിറക്കി. എല്ലാ വർഷങ്ങളിലും ആഘോഷ ദിനങ്ങളോടനുബന്ധിച്ച് യു.എ.ഇഭരണാധികാരികൾ തടവുകാരെ മോചിപ്പിക്കാറുണ്ട്. മലയാളികൾ അടക്കം നിരവധി പ്രവാസികളാണ് ഇതിന്‍റെ ഗുണഭോക്താക്കൾ.
Adjust Story Font
16