അബൂദബിയില്‍ ബസ് സര്‍വീസിന് പുതിയ ചട്ടങ്ങള്‍; എ.സി ഇല്ലാത്ത ബസുകള്‍ക്ക് ഇനി അനുമതിയില്ല
ഡ്രൈവര്‍ക്കും സര്‍വീസിനും പ്രത്യേക അനുമതികള്‍
അബൂദബിയില്‍ പാസഞ്ചര്‍ ബസ് സര്‍വീസ് നടത്താന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും പ്രത്യേക അനുമതി വേണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കില്ല.
അബൂദബി സംയോജിത ഗതാഗത കേന്ദ്രത്തിന് കീഴിലെ https://asateel.itc.gov.ae എന്ന വെബ്‌സൈറ്റില്‍നിന്നാണ് അനുമതികള്‍ സ്വന്തമാക്കേണ്ടത്. അനുമതികള്‍ക്ക് ഫീസ് ഈടാക്കില്ല. ഐ.ടി.സിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു ബസും യാത്രക്കാര്‍ക്കായി സര്‍വീസ് നടത്താന്‍ പാടില്ല.
അബൂദബിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും അബൂദബിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്. എയര്‍ കണ്ടീഷന്‍ സൗകര്യമില്ലാത്ത ബസുകള്‍ക്ക് അനുമതി ലഭിക്കില്ല. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ബാധകമായ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം.
വാഹനവകുപ്പ് നിര്‍ദേശിക്കുന്ന മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. സര്‍വീസ് നടത്തുന്ന ഓരോ ബസിനും പ്രവര്‍ത്തനാനുമതി നേടുന്നതിന് പുറമെ ഓരോ ഡ്രൈവര്‍മാര്‍ക്കും ഡ്രൈവര്‍ പ്രോഫഷന്‍ പെര്‍മിറ്റും വേണെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു.
നിലവില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കുള്ള അനുമതി കാലാവധി തീരുന്നത് വരെ നിലനില്‍ക്കും. കാലാവധി പിന്നിട്ടാല്‍ പുതിയ നിയമപ്രകാരമുള്ള അനുമതികള്‍ നേടിയിരിക്കണം. പുതിയ അനുമതികള്‍ സ്വന്തമാക്കാന്‍ സെപ്തംബര്‍ 15 വരെ ബസ് ഓപറേറ്റിങ് കമ്പനികള്‍ക്ക് സമയം അനുവദിക്കും.
Adjust Story Font
16