യു.എ.ഇയിൽ പുതിയ ടെലിമാർക്കറ്റിങ് നിയന്ത്രണങ്ങൾ നാളെ മുതൽ നിലവിൽ വരും
നിയമലംഘനത്തിന് 5000 ദിർഹം മുതൽ ഒന്നര ലക്ഷം ദിർഹം വരെ പിഴ
ദുബൈ: യു.എ.ഇയിൽ പുതിയ ടെലിമാർക്കറ്റിങ് നിയന്ത്രണങ്ങൾ നാളെ മുതൽ നിലവിൽ വരും. ഉപഭോക്താക്കളെ വിളിക്കേണ്ട സമയം, പാലിക്കേണ്ട മര്യാദകൾ എന്നിവ കർശനമാക്കിയാണ് പുതിയ നിയമം. ഇത് ലംഘിക്കുന്നവർക്ക് ഒന്നരലക്ഷം ദിർഹം പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
പുതിയ നിയമപ്രകാരം രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ മാത്രമേ ഉൽപന്നങ്ങൾ വിൽക്കാനും പരിചയപ്പെടുത്താനും ടെലിമാർക്കറ്റിങ് സ്ഥാപനങ്ങൾ ഉപഭോക്താക്കളെ ഫോണിൽ വിളിക്കാൻ പാടുള്ളു. ടെലിമാർക്കറ്റിങ് സേവനങ്ങൾക്ക് സ്ഥാപനങ്ങൾ മുൻകൂർ അനുമതി നേടിയിരിക്കണം. കമ്പനിയുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് മാത്രമേ, ഉപഭോക്താക്കളെ വിളിക്കാൻ പാടുള്ളു. വ്യക്തികളുടെ നമ്പറിൽ നിന്ന് വിളിച്ച് ടെലിമാർക്കറ്റിങ് നടത്താൻ പാടില്ല. സേവനം ഉപഭോക്താവ് നിരസിച്ചാൽ അന്നേ ദിവസം വീണ്ടും അവരെ വിളിക്കാൻ പാടില്ലെന്ന് നിയമം നിഷ്‌കർഷിക്കുന്നു. നിയമലംഘനത്തിന് 5000 ദിർഹം മുതൽ ഒന്നരലക്ഷം ദിർഹം വരെയാണ് പിഴ. അനുമതിയില്ലാത്ത കമ്പനികൾ ടെലിമാർക്കറ്റിങ് നടത്തിയാൽ 75,000 ദിർഹമാണ് കുറഞ്ഞ പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴയും വർധിക്കും.
Adjust Story Font
16