Quantcast

ദുബൈ ബിസിനസ് ബേ, അൽ സഫ സൗത്ത് എന്നിവിടങ്ങളിൽ ടോൾ ഗേറ്റുകൾ; നടപടി ഊർജിതം

പുതിയ ടോൾ ഗേറ്റുകൾ നവംബർ അവസാനം തുറക്കും

MediaOne Logo

Web Desk

  • Published:

    28 Aug 2024 5:40 PM GMT

New Toll gates at Dubai Business Bay and Al Safa South
X

ദുബൈ: ദുബൈയിൽ ബിസിനസ് ബേ, അൽ സഫ സൗത്ത് എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന പുതിയ ടോൾ ഗേറ്റുകളുടെ മുന്നൊരുക്ക നടപടികൾ ഊർജിതം. നവംബർ അവസാനം രണ്ടു ടോൾഗേറ്റുകളും പ്രവർത്തനമാരംഭിക്കും. ഇവയുടെ മൂല്യമായ 273 കോടി ദിർഹം സാലിക് കമ്പനി, ദുബൈ റോഡ് ഗതാഗത അതോറിറ്റിക്ക് നൽകും.

പുതുതായി രണ്ട് ടോൾഗേറ്റുകൾ കൂടി വരുന്നതോടെ ദുബൈ നഗരത്തിലെ സാലിക് ഗേറ്റുകളുടെ എണ്ണം 10 ആയി ഉയരും. ഇതോടെ സാലിക് കമ്പനിയുടെ വരുമാനം അടുത്ത വർഷങ്ങളിൽ ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷ.

ബിസിനസ് ബേയിലെ ടോൾ ഗേറ്റിന് 226 കോടി ദിർഹമും അൽ സഫ സൗത്തിലെ ഗേറ്റിന് 46.9 കോടി ദിർഹമുമാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. അൽ സഫ സൗത്ത് ഗേറ്റും നിലവിലുള്ള അൽ സഫ നോർത്ത് ഗേറ്റും ബന്ധിപ്പിച്ചായിരിക്കും പ്രവർത്തിക്കുക. വാഹനങ്ങൾ ഈ രണ്ട് ഗേറ്റിലൂടെ ഒരു മണിക്കൂറിനിടെ കടന്നുപോകുമ്പോൾ ടോൾ അടക്കേണ്ടി വരിക ഒറ്റ തവണ മാത്രമാണ്. ടോൾഗേറ്റുകളുടെ മൂല്യം അടക്കുന്നത് സംബന്ധിച്ച് സാലിക് ആർ.ടി.എയുമായി കരാറിലെത്തിയിട്ടുണ്ട്. നവംബർ മുതൽ ആറ് വർഷ കാലയളവിലാണ് ഇത്രയും തുക അടച്ചുതീർക്കുക. 22.79 കോടി ദിർഹം വീതമാണ് ഓരോ ആറു മാസത്തിലും അടക്കുക.

എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്റർമാരായ 'സാലികി'ന് ഈ വർഷം ആദ്യ ആറുമാസത്തിൽ 110 കോടി ദിർഹമിന്റെ വരുമാനമാണ് ലഭിച്ചത്. എട്ട് ടോൾ ഗേറ്റുകൾ വഴി ഇക്കാലയളവിൽ 23.85 കോടി വാഹനങ്ങൾ കടന്നുപോയിട്ടുണ്ട്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ വരുമാനത്തേക്കാൾ 5.6 ശതമാനം കൂടുതലാണ്.

TAGS :

Next Story